നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചു വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികളുടെ ശയന പ്രദക്ഷിണം.സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ തളർന്നുവീണ മൂന്ന് ഉദ്യോഗാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. 976 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം നടത്തിയത് 268 പേർക്ക് മാത്രമാണെന്നും ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നു.
കണ്ണു തുറക്കൂ സർക്കാരേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സെക്രട്ടറിയേറ്റ് നടയിലെ പൊരി വെയിലെത്ത് വനിതകൾ ശയനപ്രദക്ഷിണം നടത്തിയത്. അൽപ്പം ഒന്നു മുന്നോട്ടു നീങ്ങിയപ്പോൾ തന്നെ മൂന്നു ഉദ്യോഗാർത്ഥികൾ തളർന്നു വീണു. ഇവരെ സഹപ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.
നിയമനം തേടി സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങിയപ്പോൾ അധികാരികൾ തന്ന വാക്കും വിശ്വസിച്ചാണ് ഇതുവരെ മുന്നോട്ടു പോയതെന്ന് ഉദ്യോഗാർത്ഥികൾ.നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന രാപ്പകൽ നിരാഹാരസമരം നാലു ദിവസം പിന്നിട്ടു. പത്തൊമ്പതാം തീയതി ഇവരുടെ റാങ്കിലിസ്റ്റിന്റെ കാലാവധി അവസാനിക്കും.സർക്കാരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിട്ടും നടന്നില്ല.