TOPICS COVERED

ഷെയര്‍ ട്രേഡിങിന്‍റെ പേരില്‍  കൊച്ചിയില്‍ റിട്ടയേഡ് ജഡ്ജിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സൈബര്‍ മാഫിയ സംഘത്തിലെ കണ്ണികള്‍ പിടിയില്‍. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതത്. ജഡ്ജിയില്‍ നിന്ന് തട്ടിയ മുപ്പത്ത് ലക്ഷത്തിലേറെ രൂപയാണ് മൂവരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയത്. 

തൃപ്പൂണിത്തുറ സ്വദേശിയായ റിട്ടയേഡ് ജഡ്ജി 2024 ഡിസംബറിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. സമൂഹമാധ്യമത്തില്‍ അയന ജോസഫ്, വര്‍ഷ സിങ് എന്നിങ്ങനെ പരിചയപ്പെടുത്തിയ രണ്ട് പേരാണ് ജഡ്ജിയെ കുരുക്കിലാക്കിയത്. ഷെയര്‍ ട്രേഡിങില്‍ പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. ഡിസംബര്‍ നാല് മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങള്‍ക്കിടെയാണ് പലഘട്ടങ്ങളിലായി 90 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കി. കംബോഡിയയില്‍ ഇരുന്ന് സ്ത്രീകളുടെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുറന്നായിരുന്നു തട്ടിപ്പെന്ന് സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം പോയ വഴികള്‍ തിരഞ്ഞുള്ള അന്വേഷണമാണ് മലയാളി യുവാക്കളില്‍ എത്തിയത്.കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാ, കോഴിക്കോട് സ്വദേശികളായ എന്‍. മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. 

ഇവരുടെ അക്കൗണ്ടുകളിലെത്തിയ പണം പിന്‍വലിച്ച് ക്രിപ്റ്റോ ഇടപാടുകള്‍ക്കായി കൈമാറിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.   കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Three members of a cyber mafia gang from Kannur and Kozhikode have been arrested by Kochi Cyber Police for defrauding a retired judge of lakhs of rupees under the guise of share trading. Over thirty lakh rupees were transferred to the suspects' accounts from the judge's account.