മാസം രണ്ടു കഴിഞ്ഞെങ്കിലും നടുക്കത്തോടെയാണ് ആ ക്രൂര കൊലപാതകങ്ങളുടെ നാളുകളെ ഷെമിയും റഹിമും ഓര്‍ക്കുന്നത്. മകന്‍റെ ക്രൂരതയുടെ ബാക്കിപത്രമായി നെറ്റിയിലെ വലിയ മുറിവും തുന്നിക്കെട്ടും. ഇപ്പോഴും ഒറ്റയ്ക്കു എഴുന്നേറ്റു നടക്കാന്‍ കഴിയുന്നില്ല. രണ്ടു പേരുടെ സഹായത്തോടെയാണ് മുറിയ്ക്കു പുറത്തിറങ്ങുന്നതു പോലും. സംസാരിക്കുമ്പോള്‍ ശരീരം വിറയ്ക്കും. വല്ലാത്ത അവസ്ഥയിലാണ് ഷെമിയുടെ ജീവിതം.
വെഞ്ഞാറുമൂട്ടിലെ സ്നേഹസ്പര്‍ശം കാരുണ്യാ സെന്‍ററിലാണ് താമസം. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങിയിട്ടില്ല. വീട് പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഇനിയെങ്ങനെ ജീവിതമെന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു. 25 ലക്ഷത്തിന്‍റെ ബാധ്യതയേ ആകെയുണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. വീടു വിറ്റാല്‍ ബാധ്യതയും തീര്‍ത്ത് മറ്റൊരു കുഞ്ഞു വീടു വാങ്ങാനുള്ള പണം കിട്ടുമായിരുന്നു.
സദാസമയവും മൊബൈല്‍ ഫോണിലായിരുന്നു അഫാന്‍റെ ജീവിതം. ഓണ്‍ലൈന്‍ കളികളായിരുന്നു കമ്പം. ലോണ്‍ ആപ്പില്‍ നിന്നു പണം കടമെടുക്കും. ആ പണം ചെലവാക്കിയിരുന്നത് ഓണ്‍ലൈന്‍ ഗെയിമുകളിലായിരുന്നു. ഒടുവില്‍ അതില്‍ നിന്നും കരകയറാന്‍ കഴിയാതെ വന്നു. ദിനം പ്രതി 2000 രൂപയോളം വേണമായിരുന്നു ബാധ്യത തീര്‍ക്കാന്‍. കയ്യിലുള്ളതും കടം വാങ്ങിയും നല്‍കി. ഒടുവില്‍ പണത്തിനു വഴിയില്ലാത്തതോടെ ആകെ പെട്ടു.
ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ നിന്നു സ്ഥിരം വിളിയായതോടെ സംഭവ ദിവസം പണം കടംവാങ്ങാനായി ഷെമിയുടെ കുഞ്ഞുമ്മയുടെ വീട്ടിലെത്തി. എന്നാല്‍ പണം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അന്നു വീട്ടിലെത്തിയ ശേഷം അഫാന്‍ എങ്ങോട്ടോ പോയി . കണ്ണീരോടെ ഷെമി ഓര്‍ക്കുന്നു. ജീവിതത്തിലെ ഈ അവസ്ഥ മറ്റാര്‍ക്കും വരുത്തരുതേയെന്നാണ് പ്രാര്‍ഥന. അങ്ങനെ ഓരോ ദിവസവും തള്ളി നീക്കുന്നു