വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന് കടബാധ്യതകളുണ്ടെന്ന് സ്ഥിരീകരിച്ച് അഫാന്‍റെ ഉമ്മ ഷമി. ലോണ്‍ ആപ്പ് വഴി വായ്പ എടുത്തിട്ടുണ്ട്. ഇത് കൂടാതെ പലിശക്ക് പണം വാങ്ങിയിട്ടുണ്ടെന്നും ഉമ്മ പറഞ്ഞു. അടവിനായി 2000 രൂപ ഇടക്ക് തന്നോട് ചോദിക്കുമായിരുന്നെന്നും എന്നാല്‍ ഒരിക്കല്‍ പണമില്ലാതിരുന്നപ്പോള്‍ തന്‍റെ ബന്ധുക്കളോട് ചോദിച്ചിരുന്നെന്നും എന്നാല്‍ ആരും സഹായിച്ചില്ലെന്നും ഷമി വ്യക്തമാക്കി. ലോണ്‍ ആപ്പില്‍ നിന്നുമെടുത്ത പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഇടക്കിടെ ഫോണ്‍കോളുകള്‍ വരാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
ഷമിയുടെ വാക്കുകള്‍
25 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ലോണ്‍ ആപ്പ് വഴി അവന്‍ ലോണെടുക്കാറുണ്ട്. ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ പറഞ്ഞ് അവര്‍ വിളിക്കുമായിരുന്നു അത് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അവന്‍ എന്നോട് 2000 രൂപയൊക്കെ ചോദിക്കുമായിരുന്നു. അത് ഞാന്‍ കൊടുക്കുമായിരുന്നു. അപ്പോ എന്തിനാണെന്ന് പൈസ എന്ന് ചോദിച്ചപ്പോള്‍ ലോണ്‍ ആപ്പ് വഴി പൈസ എടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു തവണ ലോണടക്കാന്‍ പൈസ ഇല്ലായിരുന്നു അപ്പോള്‍ എന്‍റെ കുഞ്ഞുമ്മാന്‍റെയടുത്ത് പോയി ഒരു 12 മണിയായപ്പോള്‍ പൈസ ചോദിച്ചിരുന്നു. പക്ഷേ അവര് തന്നില്ല. ഞാനും അവനും കൂടെയായിരുന്നു പൈസ ചോദിക്കാന്‍ പോയത്. മദനിക്ക് കൊടുക്കാനുള്ള 2 ലക്ഷത്തില്‍ 50,000 രൂപ അന്ന് രാവിലെ കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ബാങ്ക് ലോണ്‍ അടക്കണമായിരുന്നു. എത്ര രൂപയാണ് ലോണെടുത്തത് എന്ന് അറിയില്ല. അവര് തിരിച്ചടക്കാന്‍ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.
കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് ഷമി പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവദിവസം രാവിലെ തന്‍റെ പിന്നിലൂടെ വന്ന അഫാൻ തന്‍റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന്‍ അഞ്ച് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്.