തീരക്കടലിൽ പൊന്തുവള്ളങ്ങൾ ഉപയോഗിച്ച് നടത്തുന്ന മൽസ്യ ബന്ധനം നിരോധിക്കാൻ നീക്കം. കരയോട് ചേർന്ന് തീരക്കടലിൽ മാത്രം മീൻപിടുത്തം നടത്തുന്ന ഇത്തരം വള്ളങ്ങൾ ഉപയോഗിച്ച് നൂറുകണക്കിന് കുടുംബങ്ങൾ ആണ് ഉപജീവനം നടത്തുന്നത് . സുരക്ഷയ്ക്കെന്ന പേരിൽ നടത്താനുദ്ദേശിക്കുന്ന നിരോധനത്തെ അംഗീകരിക്കില്ലെന്നാണ് മൽസ്യത്തൊഴിലാളി സംഘടനകളുടെ നിലപാട്
ജീവിക്കാൻ വേണ്ടിയാണ് തിരകൾക്കൊപ്പമുള്ള ഈ ഒറ്റയാൾ പോരാട്ടം. പൊന്തുവള്ളമെന്നും പൊങ്ങുവള്ളമെന്നും മൽസ്യത്തൊഴിലാളികൾ വിളിക്കും. ആലപ്പുഴ, കൊല്ലം, കൊച്ചി തീരദേശങ്ങളിൽ വ്യാപകമായി കാണാം. തെർമോകോൾ കൂട്ടിയോജിപ്പിച്ചാണ് നിർമാണം. തീരത്തോടു ചേർന്നാണ് മീൻ പിടുത്തം. ഒരാൾ മാത്രമാണ് തുഴഞ്ഞ് മൽസ്യം പിടിക്കാൻ പോകുന്നത്. ആലപ്പുഴ തീരത്ത് തന്നെ രണ്ടായിരത്തോളം പൊന്തു വള്ളങ്ങളുണ്ട്. ഈ വള്ളങ്ങളിൽ മീൻ പിടിക്കുന്നത് നിരോധിക്കാൻ നീക്കം നടക്കുകയാണ്.
പൊന്തുവള്ളത്തിൽ മീൻ പിടിക്കുന്ന തൊഴിലാളിയെ ആശ്രയിച്ച് കുറഞ്ഞത് ഏഴുപേരെങ്കിലും ഉണ്ടാകും. പിടിച്ച ഉടൻ വലയോടുകൂടി തന്നെ പാതയോരത്തോ മാർക്കറ്റുകളിലോ എത്തിച്ച് വിൽപ്പന നടത്തും. പച്ചമീൻ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും. കടൽ മണൽ - കരിമണൽ ഖനനത്തിന് വേണ്ടിയാണ് തീരക്കടലിലെ പൊന്തു വള്ളങ്ങളിലെ മീൻ പിടുത്തം നിരോധിക്കാൻ നീക്കം നടത്തുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ ബാധിക്കുന്നതിനാൽ പൊന്തുവള്ള മീൻ പിടുത്ത നിരോധനത്തെ എതിർക്കുമെന്ന് സംഘടനകൾ പറയുന്നു.