ആലപ്പുഴ വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രോല്‍സവത്തിലെ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതിന് ദമ്പതികള്‍ക്ക് മര്‍ദനം. ക്ഷേത്രം ഭാരവാഹി രാജേഷ് ബാബുവിനും ഭാര്യ അര്‍ച്ചനയ്ക്കുമാണ് മര്‍ദനമേറ്റത്. തുടര്‍ച്ചയായി യുവാവ് അച്ചാര്‍ ആവശ്യപ്പെട്ടെന്നും ഇത് നല്‍കിയില്ലെന്ന് ആരോപിച്ച് ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അക്രമത്തില്‍ ആലപ്പുഴ സ്വദേശി അരുണിനെതിരെ പൊലീസ് കേസെടുത്തു. ഏപ്രില്‍ ഒന്നിനായിരുന്നു അന്നദാനം നടത്തിയത്.
സംഭവത്തെ കുറിച്ച് മര്‍ദനത്തിനിരയായ രാജേഷ്ബാബു പറയുന്നതിങ്ങനെ...' എന്‍റെ പേരിലാണ് അന്നദാനം നടന്നത്. അന്നദാനം നടക്കുന്നതിനിടെ അച്ചാര്‍ ചോദിച്ച് ആദ്യം വന്നു, രണ്ടാമതും മൂന്നാമതും വന്നു. മൂന്നാമതും വന്നപ്പോള്‍ അമ്പലവീട്ടില്‍ ബാബുവെന്നയാള്‍ അച്ചാര്‍ നല്‍കുകയും ആള് കൂടുതല്‍ വന്നപ്പോള്‍ അത് തിരിച്ചിടുകയും ചെയ്തു'.അതിന്‍റെ പേരും പറഞ്ഞാണ് ഭാര്യയെും തന്നെയും മര്‍ദിച്ചതെന്ന് രാജേഷ് ബാബു വിശദീകരിക്കുന്നു.
അപകടത്തില്‍ പരുക്കേറ്റിട്ടുള്ള രാജേഷ്ബാബുവിന്‍റെ രണ്ടുകാലിലും സ്റ്റീലിട്ടിരിക്കുകയാണെന്നും അടിയേറ്റ് വീഴാതിരിക്കാന്‍ ഓടിച്ചെന്ന് വട്ടം പിടിച്ചപ്പോള്‍ തന്നെ തള്ളിയിട്ടെന്ന് അര്‍ച്ചന പറയുന്നു. ഇതിന് പുറമെ അടിക്കുകയും ചെയ്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അരുണിന്റെ മര്‍ദനത്തില്‍ രാജേഷ് ബാബുവിന്‍റെ നെഞ്ചില്‍ മുറിവേറ്റു. അമ്പലത്തിലെ അക്രമത്തിന് പിന്നാലെ പുറത്ത് വച്ച് കണ്ടപ്പോഴും അരുണ്‍ ഭീഷണിപ്പെടുത്തിയെന്നും രാജേഷ്ബാബു പറയുന്നു.