കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോല്‍സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്‍റെ ഗണഗീതം പാടിയതിന് പൊലീസ് കേസെടുത്തു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗണഗീതം പാടിയ ഒാര്‍ക്കസ്ട്ര സംഘമാണ് ഒന്നാംപ്രതി. നിയമലംഘനം നടത്തിയ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുമെന്ന് ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ഗാനമേളയിൽ ദേശഭക്തിഗാനമാണ് പാടിയതെന്നാണ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റിന്‍റെ വിശദീകരണം.
ആഎസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന നമസ്കരിപ്പു ഭാരതം അങ്ങയെ എന്ന ആര്‍എസ്എസ് ഗണഗീതം പാടിയ നൈറ്റ് ബേര്‍ഡ്സ് ഒാര്‍ക്കസ്ട്രയാണ് ഒന്നാംപ്രതി. ഗാനമേളയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയ ക്ഷേത്ര ഉപദേശക സമിതിയെ രണ്ടാംപ്രതിയാക്കിയും ഉല്‍സവാഘോഷ കമ്മിറ്റിയെ മൂന്നാംപ്രതിയാക്കിയും കടയ്ക്കല്‍ പൊലീസ് കേസെടുത്തു. ക്ഷേത്ര ഉപദേശക സമിതിയും ഉല്‍സവാഘോഷ കമ്മിറ്റിയുമാണ് കൊടിതോരണങ്ങള്‍ സ്ഥാപിച്ചതെന്നും എഫ്െഎആറിലുണ്ട്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ രാജിന്റെ പരാതിയിലാണ് കേസ്.
ഇതിന് പുറമേ ദേവസ്വംബോര്‍ഡും കടുത്ത നടപടിയിലേക്ക് നീങ്ങി. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുന്നതിലേക്ക് തീരുമാനെമെടുത്തു. ഗണഗീതം പാടിയത് ബോധപൂര്‍വമാണെന്നും പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളൊന്നും അനുവദിക്കാനാകില്ലെന്നും ബോര്‍ഡ് പ്രസിഡന്റ പി. എസ്. പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു
ഗാനമേളയിൽ ദേശഭക്തിഗാനമാണ് പാടിയതെന്നാണ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷും മറ്റു ഭാരവാഹികളും നല്‍കുന്ന വിശദീകരണം.,കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനവിവാദത്തിന് പിന്നാലെയാണ് കോട്ടുക്കല്‍ ക്ഷേത്രത്തിലെ ഗണഗീതവിവാദം.