ശ്രീനേഷ് മാഷും കുട്ടികളും
ശ്രീനേഷ് മാഷിന്‍റെ അരികിലെത്തി നാലാം ക്ലാസുകാരി ഒരു കാര്യം ആവശ്യപ്പെട്ടു. `എന്‍റെ ഒരു ചിത്രം വരച്ചുതരുമോ`... തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെ പനങ്ങാട് നോര്‍ത്ത് എയുപി സ്കൂളില്‍ പഠിക്കാനെത്തിയ മാലതിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് അടുത്ത ദിവസം തന്നെ മാഷ് മറുപടി സമ്മാനിച്ചു. വെള്ള പേപ്പറില്‍ തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും തൂകി നില്‍ക്കുന്ന മാലതി. ഒരു നാലാം ക്ലാസുകാരിക്ക് ലഭിക്കുന്ന ചെറിയ വലിയ സമ്മാനം.
മാലതി ശ്രീനേഷ് മാഷ് വരച്ചുനല്‍കിയ ചിത്രവുമായി
അവളതുവാങ്ങി അധ്യാപകന് തിരികെ സമ്മാനിച്ച ആ ചിരിയാണ് ക്ലാസിലെ മറ്റ് 18 കുട്ടികളുടെ ചിത്രം വരച്ചുനല്‍കാന്‍ മാഷിന് പ്രചോദനമായത്. ഇടയ്ക്ക് ക്ലാസിലെ പ്രധാന ചിത്രകാരന്‍ ധ്യാന്‍നിര്‍മല്‍ മാഷിന്‍റെ ചിത്രവും വരച്ച് സമ്മാനിച്ചു.
ശ്രീനേഷ് മാഷ് ചിത്രം രചന പഠിച്ചിട്ടില്ല. എന്നാല്‍ തന്‍റെ നാലാം ക്ലാസിലെ ഹൈപ്പര്‍ ആക്ടീവായ കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കാനും അതിലൂടെ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും തുടങ്ങിയതിന് പിന്നില്‍ കാരണമുണ്ട്.
നാലാം ക്ലാസിലെ ഹൈപ്പര്‍ ആക്ടീവായ കുട്ടികള്‍. അതില്‍ കൂടുതലും ആണ്‍കുട്ടികള്‍. ഈ ഹൈപ്പര്‍ ആക്‌ടിവിറ്റിയെ പേടിക്കുന്ന ടീച്ചര്‍മാര്‍. എന്നാല്‍ ഇരുപത് വര്‍ഷമായി അധ്യാപക ജീവിതം തുടരുന്ന ശ്രീനേഷ് മാഷ് ഹൈപ്പര്‍ ആക്ടിവിറ്റിയേയും പഠനത്തിന്‍റെ ഭാഗമാക്കി പോസിറ്റീവാക്കി മാറ്റി. ഇവിഎസ് പഠനത്തിന്‍റെ ഭാഗമായി സമീപത്തെ കാവ് കാണിക്കാന്‍ കുട്ടികളെ കൊണ്ടുപോകാറുണ്ട്. അവിടെ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി. മാഷ് അവര്‍ക്കൊപ്പം പാട്ട് പാടി, കളിച്ചു പഠിച്ചു.. ശേഷം കണ്ട കാഴ്ചകള്‍ അവരെക്കൊണ്ട് വരപ്പിച്ചു. പിന്നീട് അതിനെക്കുറിച്ച് എഴുതിപ്പിച്ചു. അവര്‍ പോലുമറിയാതെ അത് സര്‍ഗാത്മക രചനകളായി മാറി. അങ്ങനെ കുട്ടികള്‍ക്കൊപ്പമാണ് മാഷും ചിത്രം വരച്ച് പഠിച്ചത്.
ധ്യാന്‍നിര്‍മല്‍ ശ്രീനേഷ് മാഷിന് വരച്ചുനല്‍കിയ ചിത്രവുമായി
എല്ലാവരും യുപി ക്ലാസുകളിലേക്ക് പോകുമ്പോള്‍ ഇത്രയും കാലത്തെ അധ്യാപക ജീവിതത്തില്‍ ഒരുപാട് നല്ല ഓര്‍മകള്‍, അനുഭവങ്ങള്‍ സമ്മാനിച്ച കുട്ടികള്‍ക്ക് സ്പെഷ്യലായി എന്തെങ്കിലും നല്‍കണമെന്ന് തോന്നി. ഓരോ ദിവസവും ഓരോ കുട്ടികളുടെ ചിത്രം വരച്ച് ക്ലാസിലെത്തി. കുട്ടികളോട് ആരാണെന്ന് തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. അവര്‍ ചിത്രം തിരിച്ചറിഞ്ഞാല്‍ വരയില്‍ മാഷ് വിജയിച്ചു ചിത്രം ആ വിദ്യാര്‍ഥിക്ക് സമ്മാനിക്കും. ഓരോ കുട്ടിയേയും മനസുകൊണ്ട് ആഴത്തില്‍ തിരിച്ചറിഞ്ഞ അധ്യാപകന് അവരുടെ പടം വരയ്ക്കാന്‍ ചിത്രരചന പഠിക്കണമെന്നൊന്നുമില്ല അല്ലേ.....?
അതെ അതുകൊണ്ടാണല്ലോ ആ കുഞ്ഞുകരങ്ങള്‍ സ്വന്തം ചിത്രം നെഞ്ചോട് ചേര്‍ത്തുപിടിച്ചത്.........