കോഴിക്കോട് കക്കോടിയില്‍ കിട്ടാത്ത വെള്ളത്തിന് ബില്ല്. വളപ്പില്‍ കോളനിയിലെ 40 ഓളം കുടുംബങ്ങള്‍ക്കാണ് ഭീമമായ തുക ആവശ്യപ്പെട്ട് ജല അതോറിറ്റിയുടെ ബില്ല് വന്നിരിക്കുന്നത്. ഒന്നര വര്‍ഷത്തിന് മുന്നേ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിട്ടെങ്കിലും ഇന്നേ വരെ വെള്ളം വന്നിട്ടില്ല.
1500 ന് മേലെ തുകയാണ് എല്ലാ വീട്ടുകാര്‍ക്കും വന്നിരിക്കുന്നത്. ഒരു തുള്ളി വെള്ളം പോലും കുടിവെള്ള പദ്ധതിയുടെ പൈപ്പിലൂടെ ഇന്നുവരെ വന്നിട്ടില്ല. കുടിവെള്ളത്തിനു വേണ്ടി വളപ്പില്‍ കോളനിക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വന്തമായി കിണര്‍പോലും ഇല്ലാത്ത വീടുകളാണ് പ്രദേശത്ത് അധികവും . 15 വീട്ടുകാര്‍ വെള്ളത്തിന് ഉപയോഗിക്കുന്നത് ഈ പൊതു കിണറാണ്. വീടിലെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട വെള്ളം ഇതു പോലെ കോരി കൊണ്ടു പോകണം. ജനങ്ങള്‍ തന്നെ പിരിവിട്ട് നടത്തുന്ന ഒരു കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും മണ്ണ് കലര്‍ന്ന വെള്ളമാണ്. മഴക്കാലത്തു പോലും കുടിവെള്ളത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന പ്രദേശത്താണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നോക്കു കുത്തിയായി നില്‍ക്കുകയാണ്. സാങ്കേതിക പ്രശ്നമാണെന്നും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നുമാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം