കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിച്ചു. ഇന്നലെ രാത്രി മുതല്‍ പമ്പിങ് പുനരാരംഭിച്ചു. ഇന്ന് ഉച്ചയോടെ നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ കുടിവെള്ളമെത്തും
ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായാണ് കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിച്ചത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രണ്ട് ദിവസമായി കുടിവെള്ളവിതരണം പൂര്‍ണമായി മുടങ്ങിയിരുന്നു. ഞായറാഴ്ച രാത്രിയോടെ പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. ഇതോടെ ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ചൊവാഴ്ച രാവിലെ ഉയര്‍ന്ന ഭാഗങ്ങളിലും വെള്ളമെത്തും. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിയത്. പൈപ്പിലെ വെള്ളം മുഴുവന്‍ ഒഴിഞ്ഞുപോയശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. മലാപ്പറമ്പിലും പാച്ചാക്കല്‍ ജങ്ഷനിലും ഒരേസമയമായിരുന്നു പ്രവൃത്തി. റോഡിന്‍റെ മറുവശത്തേക്ക് വെള്ളമെത്തിക്കാന്‍ മേല്‍പ്പാതയുടെ കൈവരിയോട് ചേര്‍ന്ന് രണ്ട് പൈപ്പ് ലൈനുകളും സ്ഥാപിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി ട്രയല്‍ പമ്പിങും നടത്തിയിരുന്നു. അപാകതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് പമ്പിങ് പുനരരാംഭിച്ചത്.