‘മകളുടെ മാനവും ജീവനും കവർന്നവൻ ഇല്ലാതാകണമെന്ന ചിന്തയല്ലാതെ മറ്റൊന്നും തൻ്റെ മനസിൽ ഉണ്ടായിരുന്നില്ല’., ഇത് ഇന്നു മരിച്ച ശങ്കരനാരായണന്‍ എന്ന അച്ഛന്റെ വാക്കുകളായിരുന്നു. വൈരം എന്ന സിനിമയ്ക്ക് ആസ്പദമായ കഥാപാത്രമായിരുന്നു മലപ്പുറം മഞ്ചേരി പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ . 75ാംവയസില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വന്നപ്പോള്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുകയാണ് വൈരം എന്ന സിനിമയുടെ സംവിധായകന്‍ എംഎ നിഷാദ്.
മകളെ കൊലപ്പെടുത്തിയ അയല്‍ക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയെന്നതായിരുന്നു ആ പിതാവിനെതിരെ വന്ന ആരോപണം. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ തെളിവുകളുടെ അഭാവത്താല്‍ ഹൈക്കോടതി തള്ളുകയും ശങ്കരനാരായണനെ വെറുതെവിടുകയും ചെയ്തു. അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു എംഎ നിഷാദ്. ALSO READ: പൊന്നോമനയുടെ കുഴിമാടം നോക്കിയിരുന്നു; മകളെ പിച്ചിച്ചീന്തിയവന് അച്ഛന്‍റെ കോപത്തിനുമുന്നില്‍ ആയുസുമുണ്ടായില്ല...
‘വൈരം സിനിമ ചെയ്തത് മലപ്പുറം സംഭവത്തെ അടിസ്ഥാനമാക്കിയാണ്. ശങ്കരനാരായണന്‍ അന്ന് ജീവിക്കുന്ന രക്തസാക്ഷി മാത്രമായിരുന്നില്ല, ഏതൊരു മനുഷ്യന്റേയും മനസിലെ ധീരനായ ഒരു അച്ഛന്‍ കൂടിയായിരുന്നു. അദ്ദേഹം നിയമം കയ്യിലെടുത്തോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. സ്വന്തം കരളിന്റെ കഷ്ണമായ മകളെ ഒരുത്തന്‍ പിച്ചിച്ചീന്തിയപ്പോള്‍ അദ്ദേഹം അവനെ കൊന്നു എന്നതാണ് അന്നുവന്ന വാര്‍ത്ത. സെഷന്‍സ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. ആ ഉത്തരവിനെ ചോദ്യംചെയ്യാനോ മേല്‍ക്കോടതിയില്‍ പോകാനോ പ്രതി മുഹമ്മദ്കോയയുടെ കുടുംബം ശ്രമിച്ചുമില്ല എന്നതാണ് സത്യം. കാരണം അതൊരു സത്യമായിരുന്നു, നടന്ന സംഭവം, അച്ഛന്റെ വേദന, അങ്ങനെ പ്രതികാരം നെഞ്ചിലേറ്റി അദ്ദേഹം നിയമം കയ്യിലെടുത്തു.
ആ അച്ഛനെ കേരളം നെഞ്ചിലേറ്റാന്‍ കാരണം പെണ്‍മക്കളുള്ള ആയിരം അച്ഛന്‍മാരുടെ മറുപടിയായിരുന്നു ആ സംഭവം, അതില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഞാന്‍ ‘വൈരം’ ഒരുക്കിയത്. ശങ്കരനാരായണന്‍ എന്ന അച്ഛനെ തമിഴനാക്കി, എണ്ണം പറഞ്ഞ നടന്‍മാരിലൊരാളായ പശുപതിയെ അതിനായി തിരഞ്ഞെടുത്തു, ഈ സിനിമ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു, താന്‍ ചെയ്ത സിനിമകളില്‍ മികച്ച സിനിമയായിരുന്നു വൈരം. സാമ്പത്തികമായും അല്ലാതെയും നേട്ടം നല്‍കിയ സിനിമ. ALSO READ: ശങ്കരനാരായണന്‍ അന്തരിച്ചു; മകളെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിയെ വധിച്ച കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു...
സിനിമ റീലീസായതിനു ശേഷം ഞാനറിഞ്ഞു ആ പിതാവിന് തന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന്. റിലീസായ ദിവസം ആ നാട്ടുകാരൊന്നടങ്കം സിനിമ കാണാന്‍ പോയപ്പോള്‍ നാട്ടിലെ പീടികക്കോലായുടെ തിണ്ണയില്‍ കുത്തിയിരുന്നു ആ പിതാവ്. അതിനുശേഷം ഒരു തവണ ശങ്കരനാരായണന്‍ സിനിമ കണ്ടു, എംഎ നിഷാദിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഞാനും പശുപതിയും കൂടി അദ്ദേഹത്തെ കാണാനായി വീട്ടില്‍പ്പോയി, ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.
ആ വീട്ടില്‍ ചെന്നപ്പോഴും ഒരു വല്ലാത്ത അനുഭവമാണ് ഉണ്ടായത്, വല്ലാത്തൊരുതരം കാറ്റായിരുന്നു ഞങ്ങളെ സ്വീകരിച്ചത്, കുഴിമാടത്തിനടുത്ത് പോയപ്പോള്‍ കണ്ണീര്‍ മാത്രമല്ല, ആ കുട്ടിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. ആ അച്ഛന്‍ ഞങ്ങളുടെ കൈകള്‍ പിടിച്ചുകൊണ്ട് കുറേനേരം കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു. ആ കാര്യങ്ങളൊന്നും ഓര്‍മിപ്പിക്കേണ്ടെന്നു കരുതി ഞാന്‍ ഒന്നും ചോദിച്ചില്ല, എന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചപ്പോള്‍ കലാകാരനെന്ന നിലയില്‍ വലിയൊരു അംഗീകാരവും അവാര്‍ഡും ലഭിച്ചപോലെയായിരുന്നു. റീലുകളിലെയും റിയല്‍ ജീവിതത്തിലേയും ശങ്കരനാരായണന്റെ സമാഗമം ആയിരുന്നു അത്.
ഏറെ നേരം കഴിഞ്ഞ് ആ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ‘കണ്ണുകളില്‍ ഇരുട്ടായിരുന്നു, ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും എന്റെ കുഞ്ഞായിരുന്നു മുന്‍പില്‍. അവളെ പിച്ചിച്ചീന്തിയവനെ നശിപ്പിക്കുകയെന്നതല്ലാതെ മറ്റൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല. അത് ഞാനെന്റെ ജീവിതത്തിലെ കര്‍മമായി കണ്ടു’ ഇതായിരുന്നു ആ അച്ഛന്‍ പറഞ്ഞത്. അത് ചെയ്ത ശേഷം നേരെ പോയത് ക്ഷേത്രങ്ങളിലേക്കായിരുന്നു, അന്നു മുതല്‍ വളര്‍ത്തിയ താടിയാണ്, ഞങ്ങള്‍ കണ്ട സമയത്തും ആ താടി ശങ്കരനാരായണന്‍ വടിച്ചിട്ടുണ്ടായിരുന്നില്ല.
കൊലപാതകം ചെയ്ത മനുഷ്യനെയല്ല സാത്വികനായ ഒരു യോഗിയെയാണ് അന്നു കണ്ടത്. വൈരം എന്ന സിനിമയെടുക്കും മുന്‍പ് ശങ്കരനാരാണനെ കണ്ടിരുന്നില്ലെന്നും എം എ നിഷാദ് പറയുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിയാണ് അന്നത്തെ പത്രവാര്‍ത്ത വായിക്കുന്നത്. ആ കഥ അപ്പോള്‍ തന്നെ മനസില്‍ പതിഞ്ഞു. കേസ് കൃത്യമായി പഠിച്ചു. കഥാപാത്രങ്ങളിലും കഥകളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആ സിനിമ ചെയ്തതെന്നും നിഷാദ് പറയുന്നു. ഇന്നും തന്റെ കഥാപാത്രം പോലെ തന്നെ ധീരനായ അച്ഛനാണ് ശങ്കരനാരായണന്‍ എന്നു പറയുകയാണ് എംഎ നിഷാദ്.