കാട്ടില്‍ ചെളിയിലാണ്ടുപോയ കാര്‍.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതും, മാപ്പ് ചതിച്ച് അവസാനം വഴി തീര്‍ന്ന് പോകുന്നതും പുതുമയല്ല. തലമുറകള്‍ക്ക് നേരായ വഴി പറഞ്ഞുകോടുക്കുന്ന അധ്യാപകരുടെ വഴിയാണ് ഗൂഗിള്‍മാപ്പ് ഇത്തവണ ചെറുതായിട്ടൊന്നു മാറ്റി പറഞ്ഞത്. പറയുമ്പോൾ തമാശയായി തോന്നിയേക്കാം. എന്നാൽ പറയാതിരിക്കാൻ പറ്റില്ല. മലപ്പുറം നിലമ്പൂരാണ് സംഭവം.
വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക് കോളേജിലെ അധ്യാപകരായ അഞ്ചുപേർ ഒരു കല്യാണം കൂടാന്‍ പോയതാണ്. കോഴിക്കോട്ടുകാരന്‍ ഫൗസി, പാലക്കാട്ടുകാരന്‍ ഷുഹൈബ്, തൃശൂർകാരൻ മുസ്ഫർ, മലപ്പുറം സ്വദേശി ഷമീം, തിരുവനന്തപുരം സ്വദേശി അസിം എന്നിവരാണ് സംഘത്തിലുണ്ടായരുന്നത്. എരുമമുണ്ടയിൽ സഹപ്രവർത്തകന്‍റെ വിവാഹ തലേന്ന് വീട് സന്ദർശിക്കാൻ പുറപ്പെട്ടതാണിവര്‍. ഞായറാഴ്ച രാത്രി 7.30നാണ് സംഘം കൽപ്പറ്റയിൽ നിന്ന് പുറപ്പെട്ടത്. വഴി പറഞ്ഞു തരാൻ ഗൂഗിൾ മാപ്പ് ഉണ്ടല്ലോ എന്ന വിശ്വാസത്തിലായിരുന്നു യാത്ര.
താമരശ്ശേരി, കക്കാടംപൊയിൽ അകമ്പാടം വഴി എരുമമുണ്ടയിൽ എത്തി. വന്ന വഴി മോശമായതിനാൽ സംഘം നാടുകാണി വഴി മടങ്ങാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പ് സെറ്റ് ചെയ്ത് എരുമമുണ്ട കൈപ്പിനി റോഡിലൂടെ രാത്രി ഒരുമണിയോടെ യാത്ര തുടങ്ങി. ശക്തമായ മഴയിൽ വഴിതെറ്റി വനത്തിനിടയിലൂടെ പോകുന്നതിനിടെ കാറിന്‍റെ ടയർ ചെളിയിൽ പൂണ്ടു. വെള്ളം കയറി എൻജിൻ ഓഫായി. അടുത്തെങ്ങും വീടുകളില്ലാത്തതിനാൽ യുവാക്കൾ നിലമ്പൂർ അഗ്നിരക്ഷാസേനയിലേക്ക് സഹായം അഭ്യർത്ഥിച്ച് വാട്സാപ്പിൽ സന്ദേശം അയച്ചു. ഒപ്പം ലൊക്കേഷൻ മാപ്പും.
കാര്‍ ചെളിയില്‍ നിന്ന് വലിച്ചുകയറ്റാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍.
സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം പുലർച്ചെ കാടുകയറി. ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കണ്ടെത്തിയത്. പിന്നീട് അഗ്നിരക്ഷാസേനയാണ് എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചത്. അങ്ങനെ ഗൂഗിള്‍ മാപ്പ് അബദ്ധയാത്രകളുടെ കൂട്ടത്തില്‍ ഇതും പെട്ടു. എന്തായാലും മാപ്പിട്ട് യാത്രചെയ്യുന്നതൊക്കെ നല്ലതുതന്നെ എന്നാല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും പോകുന്ന വഴി ശരിയല്ലേ എന്ന് ഉറപ്പിക്കുന്നത് നല്ലതാണ്.