കേരളത്തിന്‍റെ തീരത്ത് പൊന്തു വള്ളങ്ങൾ ഉപയോഗിച്ച് നടത്തുന്ന മൽസ്യ ബന്ധനം നിരോധിക്കാനുള്ള നീക്കത്തിനെരെ പ്രതിഷേധം ശക്തം. നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും നിരോധിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അപകട സാധ്യതയുണ്ടെങ്കിൽ ലൈഫ് ജാക്കറ്റ് സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് പൊന്തു വള്ളങ്ങളിൽ മൽസ്യ ബന്ധനം നടത്താൻ തയാറാണെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.
മനോരമ ന്യൂസാണ് പൊന്തു വള്ളങ്ങൾ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായ വിവരം പുറത്തു വിട്ടത്. അപകട സാധ്യത ഉള്ളതിനാല്‍ നിയമപരമായി അനുവദനീയമല്ലെങ്കിലും ബദൽ മാർഗങ്ങൾ കണ്ടെത്താതെ പൊന്തുവളളങ്ങൾ നിരോധിക്കാനുള്ള നീക്കത്തോട് സർക്കാർ യോജിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
പൊന്തു വള്ളങ്ങളിലെ മൽസ്യ ബന്ധനം നിരോധന നീക്കത്തിനെതിരെ ആലപ്പുഴ കാട്ടൂരിൽ മൽസ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. എന്നാല്‍, സുരക്ഷയാണ് പ്രശ്നമെങ്കിൽ ലൈഫ് ജാക്കറ്റ് ധരിച്ച് മൽസ്യ ബന്ധനം നടത്താൻ തയാറാണെന്ന് തൊഴിലാളികൾ പറയുന്നു.
തെർമോക്കോൾ കൂട്ടിയോജിപ്പിച്ച് പ്ലാസ്റ്റിക് പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് പൊങ്ങുവള്ളം എന്നും പൊന്തു വള്ളം എന്നും മൽസ്യത്തൊഴിലാളികൾ വിളിക്കുന്ന ചെറിയ യാനങ്ങൾ. രജിസ്ട്രേഷൻ ആവശ്യമില്ല, ഇന്ധനവും വേണ്ട. ഈ വള്ളത്തിൽ ഒരാൾ ആണ് തീരക്കടലിൽ മീൻപിടിക്കാൻ പോകുന്നത്. സംസ്ഥാനത്താകെ പതിനായിരത്തോളം പൊന്തു വള്ളങ്ങളാണുള്ളത്.