എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിവാദ മലപ്പുറം പരാമര്‍ശത്തെ തുണച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സമുദായ നേതാക്കള്‍ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്നും മലപ്പുറം നല്ല രാജ്യമെന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നും ഇവര്‍ക്കിടയില്‍ ഈഴവര്‍ ഭയന്ന് ജീവിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ പരാമര്‍ശങ്ങളില്‍ കേസെടുക്കാനാകില്ലെന്ന നിലപാടാണ് നിയമോപദേശത്തിന് ശേഷം പൊലീസ് സ്വീകരിച്ചത്. പ്രത്യേക രാജ്യം, സംസ്ഥാനം എന്നീ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു നിയമോപദേശം.
വാക്കുകള്‍ വിവാദമായതിന് പിന്നാലെ മതനിരപേക്ഷവാദിയായ തന്നെ മുസ്‌ലിം വിരുദ്ധനും വർഗീയവാദിയുമായി ചിത്രീകരിക്കാനാണു മുസ‌്‌ലിം ലീഗിലെ ചിലർ ശ്രമിക്കുന്നതെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ‘ഞാൻ മുസ്‌ലിം വിരോധിയല്ല, ബാബറി മസ്ജിദ് തകർത്തപ്പോൾ ആദ്യം പ്രതിഷേധിച്ചത് എസ്എൻഡിപി യോഗമാണ്. ഇതര സമുദായത്തിൽപെട്ടവരെ ജനപ്രതിനിധിയാക്കാൻപോലും ലീഗ് തയാറാകുന്നില്ല. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും' വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ലീഗിന് അനഭിമതരായവർക്കു കോൺഗ്രസ് നേതൃത്വത്തിലേക്കു വരാൻ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ ഒരു പൂച്ചക്കുഞ്ഞുപോലും പിന്തുണച്ചില്ലെന്നായിപുന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പ്രസക്തിയില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണത്. ചർച്ച ചെയ്യേണ്ടതില്ലെന്നാണു അഭിപ്രായം. പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങുമെന്നായിരിക്കും അവർ പ്രതീക്ഷിച്ചിരിക്കുന്നത്. ഒന്നും നടക്കില്ല. ശ്രദ്ധ ലഭിക്കാനും വാർത്ത സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെയും ജനങ്ങളെയും മനസ്സിലാക്കാതെ ചിലർ പറയുന്ന പ്രസ്താവനകൾ തികഞ്ഞ അവജ്ഞയോടെ തള്ളുകയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രതികരിച്ചു.