എസ്എഫ്ഐഒയ്ക്ക് പിന്നാലെ വീണാ വിജയനെ തേടി ഇഡിയും. എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാടില്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനം ഉടനുണ്ടാകും. എസ്എഫ്ഐഒ കുറ്റപത്രം ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകും. കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതോടെ 2024ല്‍ ഇഡി കേസെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കേസില്‍ ഇഡി കള്ളക്കളി സംശയിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചെയ്തത് കേരളം കണ്ടതാണെന്നും രമേശ് ചെന്നിത്തല അഹമ്മദാബാദില്‍ പറഞ്ഞു.
അതേസമയം, വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30 നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സി എം ആർ എല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.