നൂറ്റിപ്പത്തു പേരുടെ ജീവൻ പൊലിഞ്ഞ കൊല്ലത്തെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഒൻപതു വയസ്. വിചാരണയ്ക്കായി പ്രത്യേക കോടതിയൊക്കെ അനുവദിച്ചെങ്കിലും വിവിധ കാരണങ്ങളാൽ വിചാരണ തുടങ്ങിയിട്ടില്ല. കോടതിയിൽ ഹാജരാകാത്ത പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും നടപടി തുടങ്ങി.
ക്രൈംബ്രാഞ്ച് സമർപ്പിച്ച പതിനായിരം പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണ്. ഇതിൽ പതിമൂന്നു പേർ മരിച്ചു. ബാക്കിയുള്ളവർ വിചാരണ നേരിടണം. ഒന്നു മുതല്‍ നാൽപത്തിനാലു വരെയുള്ള പ്രതികള്‍ക്കെതിരെ സ്ഫോടകവസ്തു നിയമം, കൊലക്കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. ടിഎം വർഗീസ് ഹാളിനോട് ചേർന്ന കെട്ടിടത്തിൽ വിചാരണയ്ക്കായി പ്രത്യേക കോടതി ക്രമീകരിച്ചിരുന്നു. ജഡ്ജ് നിയമനം വൈകുകയാണ്. ജാമ്യത്തിലുള്ള ചില പ്രതികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കോടതിയിൽ ഹാജരാകാത്ത മുപ്പതാം പ്രതിയായ അടൂർ ഏറത്ത് സ്വദേശി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. കൂടാതെ കോടതിയിൽ ഹാജരാകാത്ത ഇരുപത്തിയഞ്ചാം പ്രതി വിഷ്‌ണുപ്രകാശ്, മുപ്പത്തിയൊന്നാം പ്രതി രവി എന്നിവർക്കെതിരെ വാറണ്ടിനും ഉത്തരവിട്ടു. അനുരാജും രണ്ടുജാമ്യക്കാരും ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടാണ് നൽകിയിരുന്നത്. ഇത് കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. 2016 ഏപ്രിൽ പത്തിനുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത്. 656 പേർക്ക് പരുക്കേറ്റു. സ്വർണക്കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചായിരുന്നു വെടിക്കെട്ട്. മല്‍സരകമ്പമാണ് ദുരന്തകാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.