kollam-attack

TOPICS COVERED

വഴി നടക്കാൻ പാടില്ലെന്ന് പറഞ്ഞ് ആക്രമണം. കൊല്ലം നെടുമ്പനയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരെ ക്രിമിനല്‍ സംഘം വഴിതടഞ്ഞ് ആക്രമിച്ചത്. വഴി നടക്കാൻ പാടില്ലെന്നു പറഞ്ഞ് ഗുണ്ടാം സംഘം കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോള്‍‌ തിങ്കൾ രാത്രി പതിനൊന്നിനായിരുന്നു ആക്രമണം. 

നെടുമ്പന അഷ്ടപദിയിൽ‌ അജയഘോഷ്, ഇയാളുടെ ഭാര്യ രമ്യ, കൊല്ലം ബിഎസ്എൻഎൽ ക്വാട്ടേഴ്സിൽ ആർ.ഷിബു, എസ്.ധന്യ, ഓടനാവട്ടം അതുൽ ഭവനിൽ എം.എസ് അതുൽ എന്നിവർക്കാണു പരുക്കേറ്റത്. വാഹനത്തിന് അരികിലേക്കു നടന്നു വരികയായിരുന്നു പരുക്കേറ്റവര്‍. അഞ്ചംഗ സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുളളരെ വഴി തടഞ്ഞു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോകുന്നവരാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല. വളർത്തു നായയെ കൊണ്ടു കടിപ്പിക്കാനും ശ്രമിച്ചു. 

വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും പൈസയും പ്രതികള്‍ പിടിച്ചു വാങ്ങി.  എതിർത്തപ്പോഴായിരുന്നു ആക്രമണം . മാരകായുധം കൊണ്ട് അക്രമികൾ അജയഘോഷിനെയും അതുലിനെയും കുത്തിപ്പരുക്കേൽപ്പിച്ചു. തടസ്സം പിടിച്ച സ്ത്രീകളെയും ഉപദ്രവിച്ചു. 

അക്രമിക്കപ്പെട്ടവരുടെ ബന്ധുവുമായി പ്രതികളില്‍ ചിലര്‍ക്ക്  നേരത്തേ വിരോധം ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കായി കണ്ണനല്ലൂര്‍‌ പൊലീസ് അന്വേഷണം തുടങ്ങി