തിരുവനന്തപുരം പാലോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയപ്രകാശ് മദ്യപിച്ചിട്ടില്ല. രണ്ടാം ബ്രെത്തലൈസർ പരിശോധനാഫലം നെഗറ്റീവ്. ആദ്യപരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് ജയപ്രകാശ് പാലോട് ഡിപ്പോയിൽ കുടുംബത്തോടെ പ്രതിഷേധിച്ചിരുന്നു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല എന്നായിരുന്നു ജയപ്രകാശിന്റെ വാദം. തുടർന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം രണ്ടാംപരിശോധന.
മദ്യപിക്കാത്ത തന്നെ മദ്യപാനിയാക്കി ജോലിയിൽ നിന്ന് മാറ്റി നിർത്തിയതിൽ നീതി തേടി ജയപ്രകാശ് ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പം പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നടത്തിയ അസാധാരണ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിൽ ചീഫ് മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ രണ്ടാം ബ്രത്തലൈസർ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് നാളെ മുതൽ ജോലിക്ക് പ്രവേശിക്കാൻ ജയപ്രകാശിന് നൽകി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കർശന വിലക്കും.
ഇന്നു രാവിലെ ജോലിക്ക് പ്രവേശിക്കും മുമ്പ് നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ ആയിരുന്നു ഫലം പോസിറ്റിവ് ആയത്. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ജയപ്രകാശിനെ ഫലം ഞെട്ടിച്ചു. വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും ഇതുവരെ ഉണ്ടാക്കിയ വിശ്വാസ്യത മുഴുവൻ ചോദ്യം ചെയ്യപ്പെട്ട നിമിഷത്തിൽ ജയപ്രകാശ് എല്ലാം മറന്ന് പ്രതിഷേധിച്ചു. ഒപ്പം ഭാര്യയും രണ്ടു മക്കളും.
മദ്യപിക്കാത്ത തന്നെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന കാണിച്ച് ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കി. രക്ത പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. വാർത്ത മനോരമ ന്യൂസിലൂടെ പുറത്തെത്തിയതോടെ മന്ത്രി ഗണേഷ്കുമാർ ഇടപെട്ടു. ജയപ്രകാശിനെ വീണ്ടും പരിശോധിക്കണമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്തെ ചീഫ് ഓഫീസിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയത്.