മനോരമ ന്യൂസ് പ്രതിനിധി എം.ദിനുപ്രകാശുമായുള്ള അഭിമുഖത്തിനിടെ പ്രകോപിതനായി ഇറങ്ങിപ്പോയി നടൻ ഷൈൻ ടോം ചാക്കോ. ഷർട്ടിൽ കുത്തിയിരുന്ന ലേപ്പൽ മൈക്കുമായി ഇറങ്ങിപ്പോയ നടൻ ആ മൈക്ക് മനോരമ ന്യൂസിന് പിന്നീട് കൈമാറി. ആ അഭിമുഖത്തിന്റെ പിന്നാമ്പുറത്ത് സംഭവിച്ചതെന്ത്.?
I don't want to talk to you.... എന്ന് പറഞ്ഞ് ഷർട്ടിൽ കുത്തിയ ലേപ്പൽ മൈക്കുമായായിരുന്നു വെള്ളിയാഴ്ച ഉച്ചവെയിലിലേക്ക് ഷൈനിന്റെ വാക്കൗട്ട്. പനങ്ങാട്ടെ കായൽതീരത്തുള്ള ഒ.ജീസ് തറവാട്ടിൽ മനോരമ ന്യൂസിന്റെ അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയ നടൻ ഷൈൻ ടോം ചാക്കോയെ അന്വേഷിച്ച് സിനിമയുടെ പി.ആർ പ്രവീൺരാജ് പൂക്കാടനടക്കം പരക്കംപാഞ്ഞു. ഒ.ജീസ് തറവാട്ടിലെ മുറിയിൽ സ്വന്തം വസ്തുവകകളൊക്കെ ഉപേക്ഷിച്ചുപോയ ഷൈൻ പക്ഷെ ഷർട്ടിൽ കുത്തിയ ലേപ്പൽമൈക്കിനെ കൂടെക്കൂട്ടി. മൈക്ക് തിരിച്ചുകിട്ടാൻ പലവഴിക്കുള്ള വിളി ഷൈനിലേക്കെത്തിയെങ്കിലും പ്രതികരണമുണ്ടായില്ല. "ഏയ് ആളിപ്പോ തിരിച്ചുവരും'' എന്ന് പറഞ്ഞ് അടുപ്പക്കാരായവർ പരക്കംപായുന്നതിനിടെ ഷൈനിന്റെ മുൻകാല അഭിമുഖങ്ങളുടെ ഫ്രെയിമുകൾ മനസിലെത്തി. നിലത്തിഴഞ്ഞും മൊബൈൽ എടുത്തെറിഞ്ഞുമുള്ള അഭിമുഖങ്ങൾ ആലോചിക്കുമ്പോൾ ഇതെത്രയോ സമാധാനപരം.
ഒരു ഡിബേറ്റല്ല മറിച്ച് ഷൈനിന് പറയാനുള്ളത് നൽകുമെന്ന ഉറപ്പിലാണ് മൂന്ന് വിഷുച്ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആ അഭിമുഖം സംഭവിച്ചത്. പ്രിയദർശന്റെയും ബാലു മഹേന്ദ്രയുടെയും ചിത്രങ്ങളിലെ ഗാനങ്ങളെയൊക്കെപ്പറ്റി പറഞ്ഞകൂട്ടത്തിൽ ഷൈനിന്‍റെ ചുണ്ടിൽ ആ പാട്ടെത്തി. കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്. പാട്ടിനുപിന്നാലെ ചാഞ്ഞും ചരിഞ്ഞും മുന്നോട്ടാഞ്ഞുമൊക്കെ മിണ്ടുമ്പോൾ ആ ലേപ്പൽമൈക്കിന്റെ സാന്നിധ്യം ഇടവിട്ട നോട്ടത്തിൽ ഞാൻ ഉറപ്പാക്കുന്നുണ്ടായി.
സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നാണ് മാധ്യമവാർത്തകളെക്കുറിച്ചുള്ള വിമർശനാത്മകമായ നിലപാടുകളിലേക്ക് ഷൈൻ കടന്നത്. വിമർശനത്തിനതീതരല്ല മാധ്യമങ്ങളെന്ന ഉറച്ച ബോധ്യത്തിൽ ഷൈനിനെ കേട്ടിരിക്കുമ്പോൾ കനപ്പെട്ട വാക്ശരങ്ങൾക്കപ്പുറം അസ്വസ്ഥമായ ശരീരഭാഷയിലും സ്ഥാനംതെറ്റാതെ ആ ലേപ്പൽ മൈക്ക് ഷൈനിനൊപ്പമിരുന്നു. ''സത്യം പറയാൻ നിങ്ങൾ മാധ്യമപ്രവർത്തകർക്കാകില്ല'' എന്ന് പലകുറി പറഞ്ഞയിടത്ത് "എന്നാൽ നിങ്ങൾ സത്യം പറയൂ. ഒറ്റ ചോദ്യം ചോദിക്കട്ടെ" എന്ന ചോദ്യത്തിൽ ആ അഭിമുഖത്തിന്റെ കുത്തഴിഞ്ഞു. ചാടിയെണീറ്റ ഷൈനിന്റെ മുഖത്ത് ശാന്തമായി നോക്കി. "I don't want to talk to you. You are not listening to me... എന്ന് എന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞ് പറഞ്ഞ് പോകാനൊരുക്കം. ഇരിക്കൂ....ഞാൻ കേൾക്കാമെന്ന മറുപടി തള്ളി പലകുറി കണ്ട ആ ശരീരഭാഷയിൽ ഷൈൻ പുറത്തേക്കിറങ്ങി. ദൂരപരിധി വിടുന്നതുവരെ ഷർട്ടിൽ കുത്തിയ ലേപ്പൽ മൈക്ക് ഷൈനിനെ ട്രാക്ക് ചെയ്ത് ക്യാമറാമാന്മാരുടെ കാതിലെത്തിച്ചു.
ഉച്ചവെയിൽ കനത്ത ആ ഇറങ്ങിപ്പോക്കിന്റെ അരമണിക്കൂറിനപ്പുറം ഒ.ജീസ് തറവാട്ടിലെ മുറ്റത്തേക്കെത്തിയ കാറിൽ ആരെന്നായി എല്ലാരുടെയും നോട്ടം. ഷൈനിന്റെ സുഹൃത്തും സ്ഥലത്തിന്റെ ഉടമയുമായ ഒ.ജി സുനിൽ. ഷൈൻ പോയതറിഞ്ഞ് നേരിട്ട് വിളിച്ചപ്പോൾ 'മനോരമയുടെ കയ്യിൽ വേറെയും മൈക്കില്ലേ?" എന്നായിരുന്നു മറുതലയ്ക്കലെ മറുപടിയെന്ന് ചിരിച്ചുപറഞ്ഞ് നിങ്ങൾ മടങ്ങിക്കോളൂയെന്ന് പറഞ്ഞ സുനിൽ മൈക്ക് അയാൾ തിരിച്ചെത്തിക്കുമെന്നും സൂചിപ്പിച്ചു. അപ്പോഴും ആ ചോദ്യം ബാക്കിയായി. പനങ്ങാട്ടെ ആ ഭൂപ്രകൃതിയിൽനിന്ന് ഷൈൻ ടോം ചാക്കോ എന്ന നാടറിയുന്ന നടൻ എവിടേക്കാണാവോ അലിഞ്ഞില്ലാണ്ടായത്?. "ഈ പ്രോപ്പർട്ടിയുടെ പുറകിലൊരു ഗെയിറ്റുണ്ട്. നിങ്ങൾക്കറിയില്ല. ഷൈൻ ആ വഴി പുറത്തേക്കിറങ്ങി യൂബർ വിളിച്ചുസ്ഥലം വിട്ടു. ഇനി ഇങ്ങോട്ട് വരില്ല". സുനിലിന്റെ വാക്കുകൾ.
കരിയറിലെതന്നെ ആദ്യാനുഭവം. മുന്നിലിരുന്ന് സംസാരിച്ചയാൾ ആ മൈക്കുംകൊണ്ട് കടന്നുകളഞ്ഞതും ഞങ്ങൾ മാധ്യമപ്രവർത്തകർക്ക് വാർത്തതന്നെയാണ്. അഭിമുഖത്തിന് പുറമെ ബ്രേക്കിങായും അടുത്ത പകൽ മുഴുവൻ മനോരമ ന്യൂസിന്റെ വിഷ്വൽ ഹെഡ്സിലുമൊക്കെ ഷൈൻ നിറഞ്ഞുനിന്നു. ഒപ്പം ആ ലേപ്പൽ മൈക്കിന്റെ നഷ്ടവും ചർച്ചയായ പകൽ. വാവിട്ട വാക്കുകളേപ്പോലെ അയാളത് വലിച്ചെറിഞ്ഞിട്ടുണ്ടാകാമെന്ന് പറഞ്ഞവർ നിരവധി. ഒടുവിൽ വിവാദങ്ങൾ ഇഴയടുപ്പമിട്ട ഷൈനിന്റെ സഹപ്രവർത്തകർ വിളിച്ചു. ലേപ്പൽ മൈക്ക് തിരിച്ചെത്തിക്കാമെന്ന ഉറപ്പും. വാവിട്ട വാക്കുപോലെ തിരിച്ചെടുക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ.
കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ. ഞായറാഴ്ച പകൽ. വൈകാരികവിസ്ഫോടനമേറ്റുവാങ്ങിയ ആ ലേപ്പൽ മൈക്ക് പഞ്ചനക്ഷത്ര ഹോട്ടൽ മുറ്റത്ത് മനോരമ ന്യൂസിന് അവർ കൈമാറി. ഡബ്ബിംഗ് സ്റ്റുഡിയോയിൽ മറ്റൊരു മൈക്കിന് മുന്നിലായിരുന്നു അപ്പോൾ ഷൈൻ. അതല്ലെങ്കിലും അങ്ങനെയാണ് ആ വാക്കുകൾ നാലാൾ അറിയണമെങ്കിൽ മൈക്ക് മസ്റ്റാണ്.