ആചാരപരമായി പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച് ജനങ്ങൾ.കാസർകോട് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലാണ് നിനവ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ മുപ്പതോളം പേർ നാലമ്പലത്തിൽ പ്രവേശിച്ചത്. വിശേഷ ദിവസങ്ങളിൽ നമ്പൂതിരി, വാര്യർ, മാരാർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം നേരത്തെ പ്രവേശനം അനുവദിച്ചിരുന്നു.
വർഷങ്ങളായി ഭക്തർക്ക് നാലമ്പത്തിനുള്ളിൽ പ്രവേശനമില്ലാത്ത പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തിലാണ് ഇന്ന് 30 അംഗസംഘം പ്രവേശിച്ചത്. പ്രാർഥനയ്ക്ക് ശേഷം ശ്രീകോവിലിനു മുന്നിലെത്തി പ്രസാദവും വാങ്ങിയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ നാലമ്പല പ്രവേശനവുമായി ബന്ധപ്പെട്ട് നിനവ് പുരുഷ സ്വയം സഹായ സംഘം പ്രമേയം പാസാക്കിയിരുന്നു. പിന്നീട് ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് നാലമ്പല പ്രവേശനം നടത്തിയത്.
വരും ദിവസങ്ങളിലും ഭക്തരോട് നാലമ്പലത്തിൽ പ്രവേശിക്കാൻ കൂട്ടായ്മ ആവശ്യപ്പെട്ടു. നമ്പൂതിരി, വാര്യർ, മാരാർ വിഭാഗത്തിലെ പ്രതിനിധികൾക്ക് മാത്രമായിരുന്നു വിശേഷ ദിവസങ്ങളിൽ നേരത്തെ നാലമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നത്. തൊഴാനെത്തുന്ന ആരെയും തടയില്ലെന്നും തന്ത്രിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കാനുമാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.