നൂറ്റാണ്ടുകളായി തുടരുന്ന പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലായി ,ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട്. ശംഖുമുഖം തീരത്ത് ഭക്തിനിര്‍ഭരമായ ആറാട്ടോടെ പൈങ്കുനി ഉല്‍സവത്തിന് സമാപനം . പടിഞ്ഞാറെ ഗോപുരനടയില്‍ നിന്ന് തുടങ്ങിയ ഘോഷയാത്രയ്ക്ക് ക്ഷേത്രം സ്ഥാനി,, മൂലം തിരുനാള്‍ രാമവര്‍മ ഉടവാളേന്തി അകമ്പടി സേവിച്ചു. പതിവുപോലെ വിമാനത്താവളത്തിന്റെ റണ്‍വേവഴി പമ്പരാഗത പാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ വൈകുന്നേരം നാലുമുതല്‍ രാത്രി ഒന്‍പതുവരെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തില്‍ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്.
ക്ഷേത്രസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ ഉടവാളുമായി അകമ്പടിയേകി. തിരുവിതാംകൂറിന്റെ ഭരണാധികാരിയെന്ന നിലയില്‍ ഇതുപോലെ ഉടവാളേന്തി ശ്രീപത്മനാഭന് സേവിച്ചത് അവസാന രാജാവായിരുന്നു ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ. ഐക്യകേരളം രൂപപ്പെട്ടശേഷവും അദ്ദേഹം വിടപറയുംവരെ ആ ദൗത്യം അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കായി ആ ചുമതല. ഇപ്പോഴത് മൂലംതിരുനാള്‍ രാമവര്‍മയ്ക്കും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് ഉല്‍സവവും ആറാട്ടും.മീനമാസത്തില്‍ പൈങ്കുനി ഉല്‍സവവും തുലാമാസത്തിലെ അല്‍പശി ഉല്‍സവവും. രണ്ടുതവണയും വിമാനത്താവളം വഴിയാണ് ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത്. ഈ രണ്ടുദിവസങ്ങളിലും വൈകുന്നേരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നു. ഒരുപക്ഷേ ലോകത്തെവിടെയും രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വെ ഇതുപോലെ അടച്ചിടുന്ന പതിവ് ഉണ്ടാകില്ലതന്നെ....സംഘകാലത്തോളം പഴക്കമുള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്നത്തെ നിലയില്‍ പുതുക്കി നിര്‍മിച്ചത് 1729 നും 1758 നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. അതിനും 142 വര്‍ഷം മുന്‍പുള്ള മതിലകം രേഖകളില്‍ ക്ഷേത്രത്തിലെ ആറാട്ട് ശംഖുമുഖം തീരത്തായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നൊക്കെ ആറാട്ടുചടങ്ങുകള്‍ കഴിഞ്ഞാലും അടുത്തദിവസം പുലര്‍ച്ചെയായിരുന്നു തിരച്ചെഴുന്നള്ളത്ത്. ശംഖുമുഖം എന്ന പേര് വന്നതിനും കാരണം ശ്രീപത്മനാഭന്‍ തന്നെയാണെന്ന് സ്ഥലനാമ ചരിത്രകാരന്മാര്‍.ശംഖ്, ചക്രം , ഗദ, പത്മം എന്നിവ വഹിക്കുന്ന വിഷ്ണുവിന്റെ മുഖം എന്ന അര്‍ഥത്തിലാണ് ശംഖുമുഖം എന്ന പേരുണ്ടായതത്രെ. തിരുവിതാംകൂറിന്റെ ചിഹ്നവും ശംഖാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ശംഖുമുഖവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഈ ആറാട്ടുഘോഷയാത്ര തിരുവിതാംകൂറിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ പൈതൃകകാഴ്ചകളിലൊന്നാണ്.
ലോകമെങ്ങും കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച 2020 ല്‍ മാത്രമാണ് ഈ പതിവിന് മാറ്റമുണ്ടായത്. അന്ന് ശംഖുമുഖത്തേയ്ക്കുള്ള ആറാട്ട് ഘോഷയാത്ര ഉണ്ടായില്ല. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തോട് ചേര്‍ന്ന പത്മതീര്‍ഥത്തിലായിരുന്നു ആറാട്ട്. കോവിഡ് ഒഴിഞ്ഞതോടെ ആറാട്ടുഘോഷയാത്ര പ്രൗഢിയോടെ വീണ്ടും തുടങ്ങി. ഇത്തവണയും ആറാട്ട് എഴുന്നള്ളത്ത് കാണാന്‍ കോട്ടയ്ക്കത്തും ആറാട്ട് വഴിയിലും നൂറുകണക്കിനാളുകള്‍ നിരന്നു. തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാല്‍ക്കുളങ്ങര ചെറി ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവടങ്ങളില്‍ നിന്ന് ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറെ നടയിലെത്തി ഘോഷയാത്രയോടൊപ്പം ചേര്‍ന്നു. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിലേക്ക് . റണ്‍വേയിലൂടെ ശംഖുമുഖം തീരത്തേയ്ക്ക്. ശംമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കി വച്ച വാഹനങ്ങളില്‍ നിന്ന് പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ പൈങ്കുനി ഉല്‍സവം കൊടിയങ്ങി. ഇനി ഈ ദൃശ്യം കാണാന്‍ തുലാമാസത്തിലെ തിരുവോണം നാള്‍ വരെ കാത്തിരിക്കണം.