എ.ഡി.ജി.പി P.വിജയനെതിരെ വ്യാജമൊഴി നല്‍കിയതില്‍ കേസെടുക്കാമെന്ന് ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടും എം.ആര്‍.അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തോളമായി പൂഴ്ത്തി. സ്വന്തം നിലയില്‍ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന വിജയന്‍റെ ആവശ്യവും പരിഗണിച്ചില്ല. അജിത്കുമാറിന് ഡി.ജി.പി സ്ഥാനക്കയറ്റം ഉറപ്പിക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സ്വര്‍ണക്കടത്തില്‍ പങ്കെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ ഡി.ജി.പിയോട് കള്ളമൊഴി നല്‍കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. എ.ഡി.ജി.പിക്കെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി ശുപാര്‍ശ നല്‍കുന്നതും അത്യപൂര്‍വം. പക്ഷെ ഇത്രയൊക്കെ ഗുരുതര പ്രശ്നങ്ങള്‍ തന്‍റെ വകുപ്പില്‍ നടന്നിട്ടും ആരോപണ വിധേയന് സംരക്ഷണമൊരുക്കുകയാണ് കേരളമുഖ്യമന്ത്രി.
അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി ശുപാര്‍ശ ചെയ്തത് ജനുവരി അവസാനമാണ്. രണ്ടര മാസമായി ആ ഫയല്‍ ആഭ്യന്തരവകുപ്പിന്‍റെ മേശപ്പുറത്ത് മരവിച്ചിരിക്കുന്നു. കേസെടുക്കുന്നില്ലങ്കില്‍ സ്വന്തം നിലയില്‍ നിയമ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ഡിസംബറില്‍ പി.വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ആ കത്ത് മൂന്നരമാസമായുംപൊടിപിടിച്ച് കിടക്കുന്നു.
ഡി.ജി.പിയുടെ ശുപാര്‍ശ അംഗീകരിച്ചാലും പി.വിജയന്‍ കോടതിയില്‍ പോയാലും അജിത്കുമാിറിനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടിവരും. ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ സസ്പെന്‍ഷനും വേണ്ടിവരും. അങ്ങിനെയെങ്കില്‍
ജൂലൈ 1ന് ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന് സ്ഥാനക്കയറ്റം മുടങ്ങും. ഇതൊഴിവാക്കാനാണ് നടപടികള്‍ താല്‍കാലികമായി വൈകിപ്പിച്ച് മുഖ്യമന്ത്രി വിശ്വസ്തനെ സംരക്ഷിക്കുന്നത്.
അജിത്തിനെതിരെ നടക്കുന്ന മറ്റൊരു അന്വേഷണം തൃശൂര്‍ പൂരം കലക്കലിലേതാണ്. അടുത്ത പൂരമാകാറായിട്ടും അതും പൂര്‍ത്തിയാക്കാതെയും അജിത്കുമാറിനുള്ള സംരക്ഷണകവചം തുടരുന്നു.