അതിരപ്പള്ളിയിൽ കാട്ടാനയാക്രമണത്തിന് ഇരയായ സതീഷിന്റെ മരണം ആനയുടെ ചവിട്ടേന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സതീഷിൻ്റെ വാരിയെല്ലുകൾ തകർന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയപ്പോൾ ചാലക്കുടി ജനറൽ ആശുപത്രി പരിസരത്തുണ്ടായത് നാടകീയ രംഗങ്ങൾ.
കാട്ടാനയാക്രമണം തന്നെയെന്ന് ഒപ്പം പോയവർ ആവർത്തിച്ചു പറഞ്ഞെങ്കിലും, സതീഷിൻ്റെയും അംമ്പികയുടെയും മരണം കാട്ടാനയാക്രമണത്തിലാണോ എന്നത് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ സ്ഥിരീകരണമായി. ആനയുടെ ചവിട്ടേറ്റ് സതീഷിൻ്റെ ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറി. രക്തം വാർന്നാണ് മരണം. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലായിരുന്നു സതീഷിൻ്റെ പോസ്റ്റുമോർട്ടം. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വന്യജീവി അക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ആശുപത്രിയിൽ നടന്നത്. പോസ്റ്റുമോർട്ടത്തിനായി അംബികയുടെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ശ്രമം, ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ തടഞ്ഞു. എന്നാൽ പ്രതിഷേധക്കാർക്കെതിരെ മരിച്ചവരുടെ ബന്ധുക്കൾ തിരിഞ്ഞു. ഇത് വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. പിന്നീട് പൊലീസ് ഇടപെട്ടാണ് ആംബുലൻസിന് വഴിയൊരുക്കിയത്.