അടിക്കടിയുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീശും അംബികയുമാണ് കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് സതീശന്‍ ഭാര്യ രമ, രമയുടെ ചേച്ചി അംബിക ഭര്‍ത്താവ് രവി എന്നിവര്‍ തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് വനത്തില്‍ വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. ഇന്നലെ രാത്രി എട്ടുമണിയോടെ പുഴയ്ക്ക് സമീപത്തെ പാറപ്പുറത്ത് നാലുപേരും സാരിച്ചിരിക്കെ ആനക്കൂട്ടം പാഞ്ഞടുത്തു. ഇരുട്ടായതിനാല്‍ തൊട്ടടുത്തെത്തിയപ്പോളാണ് അപകടം തിരിച്ചറിഞ്ഞത്. അപ്പോഴേക്ക് തുമ്പിക്കൈകൊണ്ട് ആനകള്‍ ആക്രമിച്ചുകഴിഞ്ഞു. അടിയേറ്റ് രവിയും രമയും ദൂരേക്ക് തെറിച്ചുവീണു. സതീശനെയും അംബികയെയും ആനകള്‍ ചവിട്ടി.
തെറിച്ചുവീണ രവിയും രമയും ഓടിമാറി കാട്ടില്‍ ഒളിച്ചിരുന്നു. മറ്റൊരു വഴിയിലൂടെ രാവിലെ ഇവര്‍ ഊരിലേക്ക് തിരിച്ചു. മടങ്ങുന്ന വഴി അപകടവിവരം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഭാര്യ മരിച്ച വിവരം രവിയോ ഭര്‍ത്താവ് മരിച്ച വിവരം രമയോ അറിഞ്ഞിരുന്നില്ല. അപകടസ്ഥലത്തെത്തിയവര്‍ പാറപ്പുറത്തുനിന്ന് സതീശന്‍റെയും സമീപത്ത് പുഴയില്‍ നിന്ന് അംബികയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം സതീശനും അംബികയും മരിച്ചത് കാട്ടാന ആക്രമണത്തിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം നടക്കുകയാണെന്നാണ് വിശീകരണം. സതീശന്‍റെ മൃതദേഹം പാറപ്പുറത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെത്തിയതെന്നും വനംവകുപ്പ് പറയുന്നു. കാട്ടിലൂടെ ചുമന്നുകൊണ്ട് വന്നശേഷമാണ് ഇരുവരുടെയും മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മലക്കപ്പാറയില്‍ കഴിഞ്ഞ ദിവസം മറ്റൊരു ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.