veena-vijayan-cmrl-2

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടന്‍ തീരുമാനമെടുക്കും. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയയ്ക്കാനാണ് ഇഡിയുടെ നീക്കം. 

എസ്എഫ്ഐഒ സമര്‍പിച്ച കുറ്റപത്രം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി   കഴിഞ്ഞ ദിവസമാണ് ഫയലില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാനുള്ള തീരുമാനം. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ ഇഡി പകര്‍പ്പാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് എസ്എഫ്ഐഒ സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ ഇഡി കേസെടുത്തെങ്കിലു കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. എന്നാല്‍ എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ വഞ്ചനയടക്കമുള്ള കുറ്റങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയതോടെ ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാം. 

കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികള്‍ വേഗത്തിലാക്കും. സിഎംആര്‍എല്‍ എംഡി, ജീവനക്കാര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ തന്നെയാണ് ഇഡിയുടെ പ്രധാന ലക്ഷ്യം. യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിയും സിഎംആർഎലിൽ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ. 

ENGLISH SUMMARY:

In the CMRL–Exalogic deal, the Ernakulam Additional Sessions Court directs SFIO to hand over the chargesheet copy to ED. Veena Vijayan may be summoned after ED reviews the charges.