മുതലപ്പൊഴിയിൽ പ്രതിഷേധം കനക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയാൻ നാളെ ചർച്ച നടത്തും. പൊഴിയിൽ വന്നടിഞ്ഞ മണൽ നീക്കം ചെയ്ത് എത്രയും പെട്ടെന്ന് മത്സ്യബന്ധനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകൾ പെരുമാതുറയിലെ ഹാർബർ എഞ്ചിനീയറിങ് കാര്യാലയം ഉപരോധിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലും പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാർ മന്ത്രിയുടെ വീട്ടിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചു.
സർക്കാറിന് എതിരെ ഈ മുദ്രാവാക്യം വിളിക്കുന്നത് മറ്റാരുമല്ല. സിഐടിയുവിലെ സഘാക്കൾ തന്നെ. കാരണം അത്രമേൽ പൊറുതിമുട്ടിയാണ് രാഷ്ട്രീയം മറന്ന് ഇവർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ രാജി ആവശ്യം വരെ ഇവിടെ ഉയർന്നു. അടിഞ്ഞ മണൽ നീക്കം ചെയ്യുക മാത്രമല്ല പൊഴിയുടെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആണ് ഇവർ ആവശ്യപ്പെടുന്നത്.
സിഐടിയു ഉപരോധ സമരത്തിന് മുമ്പ് ഐ.എൻ.ടി.യു.സി പ്രവർത്തകർ പെരുമാതുറയിലെ ഹാർബർ എഞ്ചിനീയറിങ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് കാര്യാലയം താഴിട്ടു പൂട്ടി. കവാടത്തിന് മുന്നിൽ റീത്തും സമർപ്പിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി സജി ചെറിയാൻ്റെ ഔദ്യോഗിക വസതിയും പ്രതിഷേധചൂട് അറിഞ്ഞു. വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസിൻ്റെ മത്സ്യ തൊഴിലാളി യൂണിയൻ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് വീടിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു.
പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇത്തരത്തിൽ സമരവും പ്രതിഷേധവും കനക്കുന്നതിനിടയിലാണ് സംയുക്ത സമര സമിതിയെ നാളെ മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് വിളിചിരിക്കുന്നത്.മണൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ചർച്ചയിൽ തീരുമാനിക്കും. ഇല്ലെങ്കിൽ ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സ്മയുക്ത സമര സമിതിയുടെ തീരുമാനം.