കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഇത്തവണ 31 ഒഴിവുകള്‍ മാത്രം. കഴിഞ്ഞ തവണ 105 തസ്തികകളാണ് ഉണ്ടായിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തിന്‍റെ കുറവാണുണ്ടായത്.
സര്‍വീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടയിലാണ് ആദ്യ ഘട്ടത്തിലെ 105 തസ്തികകള്‍ കെ.എ.എസിനായി മാറ്റിവെച്ചത്. മുഖ്യമന്ത്രി പറഞ്ഞ ഇഛാശക്തി പിന്നീട് സര്‍വീസ് സംഘടനകളുടെ കരുത്തിനു മുന്നില്‍ ചോര്‍ന്നു പോയി. നേരിട്ടുള്ള നിയമനം , സര്‍വീസിലുള്ളവരില്‍ നിന്നുള്ളത്, ഗസറ്റഡ് തസ്തികയിലുള്ളവര്‍ എന്നിങ്ങനെ ഓരോ സ്ട്രീമിലും 35 വീതം തസ്തികകള്‍ വെച്ച് 105 തസ്തികകള്‍ നീക്കിവെച്ചു. ഇപ്പോഴത് 31 ആയി കുറഞ്ഞപ്പോള്‍ നേരിട്ടുള്ള നിയമനത്തിനു പതിനൊന്നും മറ്റുള്ളവയില്‍ 10 വീതവുമായി കുറഞ്ഞു. ഇതോടെ അപേക്ഷകരുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എട്ടുവര്‍ഷം കഴിയുമ്പോള്‍ ഐ.എ.എസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നുള്ളതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണീയത. സംസ്ഥാന സര്‍വീസിലെ ഉയര്‍ന്ന ശമ്പളമാണ് കെ.എ.എസുകാര്‍ക്ക് ലഭിക്കുന്നത്. 2 വര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം നടത്തി നിയമനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആദ്യ വിഞ്ജാപനം വന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് രണ്ടാം വിഞ്ജാപനം വന്നത്.