ഡ്രൈ ഡേ ഒഴിവാക്കിയതുകൊണ്ട് സര്‍ക്കാരിന്‍റെ വരുമാനം കുതിക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. വരുമാനം കൂടും എന്നത് ചിലരുടെ കണക്കുകൂട്ടല്‍ മാത്രമാണ്. ടൂറിസത്തിനും ചില രാജ്യാന്തരയോഗങ്ങള്‍ക്കും ഡ്രൈ ഡേ തടസമാണെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍. ബാറുകളുടെ പ്രവർത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാർശ ഉണ്ടായിരിന്നു.
ഡ്രൈ ഡേ ഒഴിവാക്കണമെന്നതു ടൂറിസം വകുപ്പിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനു മാർച്ചിൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സെക്രട്ടറിതല യോഗത്തിൽ അവർ ആവശ്യം ആവർത്തിച്ചു. ഒരുപടി കൂടി കടന്ന് ടൂറിസം സെക്രട്ടറി ഈ വിഷയം ഉൾപ്പെടുത്തി സർക്കാരിനു റിപ്പോർട്ട് നൽകുകയും ടൂറിസം ഡയറക്ടർ ബാറുടമകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിക്കുകയുമായിരുന്നു. ഡ്രൈ ഡേ ടൂറിസം മേഖലയുടെ പ്രധാന പ്രശ്നമായി അവതരിപ്പിക്കുകയും സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയുമായിരുന്നു ഉദ്ദേശ്യമെന്നാണു വിവരം.