കർണാടക സർക്കാരിനെ താഴെയിറക്കാൻ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം മൃഗബലി അടങ്ങുന്ന ശത്രു ഭൈരവിയാഗം നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. ശിവകുമാറിന്റേത് രാഷ്ട്രീയ ഗിമ്മിക്കാവാമെന്നും ഹൈന്ദവ സമൂഹത്തില്‍ ഇത്തരം വികലമായ കാര്യങ്ങളില്ലെന്നും യോഗക്ഷേമ സഭ അധ്യക്ഷന്‍. ആരെങ്കിലും ചെയ്തെങ്കില്‍ പണം തട്ടാനാവുമെന്നും അക്കീരമണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം അസംബന്ധമെന്ന് മന്ത്രി ആര്‍ ബിന്ദു. ഇത്തരം പ്രസ്താവനകളെ പ്രോല്‍സാഹിപ്പിക്കേണ്ട കാര്യമില്ല. കേരളത്തില്‍ അത്തരം കാര്യങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായുള്ള യാഗത്തിൽ തന്നെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ശത്രുക്കൾ ലക്ഷ്യമിട്ടതെന്നും ആരുടെയും പേര് പരാമർശിക്കാതെ ഡി.കെ ശിവകുമാർ ആരോപിച്ചു. എന്നാൽ ഈ പൂജകൾ ഒന്നും തന്നെ ബാധിക്കില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ജെ.ഡി.എസിന്റേയും ബി.ജെ.പിയുടെയും ധാരാളം പ്രധാനപ്പെട്ട നേതക്കാൾ ദർശനത്തിനെത്തുന്ന പല ക്ഷേത്രങ്ങളും കണ്ണൂരിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിലെ കോൺഗ്രസ് സർക്കാർ താഴെ വീഴുമെന്ന് ബി.ജെ.പി പറയുന്നതിനിടെയാണ് ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ എന്നതു ശ്രദ്ധേയം. കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം പഞ്ച മൃഗബലിയും യാഗങ്ങളും നടന്നതായി ഇതിൽ ഉൾപ്പെട്ട ആളുകൾ തന്നെ അറിയിച്ചതായാണ് ഡി.കെ ശിവകുമാർ പറയുന്നത്. ഈ യാഗത്തിൽ ആടുകൾ ചെമ്മരിയാടുകൾ കന്നുകാലികൾ പന്നികൾ തുടങ്ങിയവെ ഉപയോഗിച്ച് മൃഗബലി നടത്തുമെന്നും ശിവകുമാർ വ്യക്തമാക്കി.
പൂജ നടത്തുന്നവർ അതിനായി അഘോരികളെയും സമീപിക്കുന്നു. എന്നാൽ പൂജ നടന്ന കൃത്യമായ സ്ഥലവും ആരാണ് നടത്തിയതെന്നും ഡി കെ വെളിപ്പെടുത്തിയില്ല. കോൺഗ്രസിനെ താഴെ ഇറക്കാൻ എതിരാളികൾ ദുർമന്ത്രവാദത്തിനെ കൂട്ടുപിടിക്കുന്നു എന്ന ആരോപണമാണ് ഡി.കെ ശിവകുമാർ ഉയർത്തുന്നത്. അതേസമയം ദുർമന്ത്രവാദ ആരോപണം സംബന്ധിച്ച് കണ്ണൂരിലെ കോൺഗ്രസിന് ഡി.കെ ശിവകുമാർ വിവരങ്ങൾ നൽകിയിട്ടുമില്ല.