ബാർകോഴ വിവാദത്തിൽ പ്രതിപക്ഷം തുരുമ്പിച്ച ആയുധവുമായാണ് സർക്കാരിനെ നേരിട്ടതെന്ന് മന്ത്രി എം.ബി.രാജേഷ്. കുറച്ചുകൂടി നല്ല ആയുധങ്ങളുമായി പ്രതിപക്ഷം വരട്ടെ അപ്പോള്‍ നോക്കാം. ടൂറിസം വകുപ്പ് എക്സൈസിൽ കൈ കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുത്തരവാദിത്വത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് തീരുമാനങ്ങളെടുക്കുന്നുവെന്നും ടൂറിസം വകുപ്പിനെന്താണ് ഇതില്‍ ഇത്ര താല്‍പര്യമെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ബാറുടമകളെയടക്കം വിളിച്ച് യോഗം ചേര്‍ന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്നു വകുപ്പിന്‍റെ നിലപാട്.