വിജയത്തിന് പിന്നാലെ വികാരാധീനനായി സുരേഷ് ഗോപി. തൃശൂര്‍ ഞാനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നെന്നും പറഞ്ഞ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കുമെന്നും തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നെന്നും പറഞ്ഞു. കേരളത്തിന്റെ എം.പിയായി പ്രവര്‍ത്തിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

'തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു. അതെന്‍റെ ഹൃദയത്തില്‍ വന്നിരിക്കുന്നു. ഇനി അതെടുത്ത് എന്‍റെ തലയില്‍ വക്കും. ഞാന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും. വഞ്ചിക്കില്ല, ചതിക്കില്ല, പറഞ്ഞ വാക്കില്‍ നിന്ന് മാറില്ല, ഉറപ്പ്. ട്രോളിയവരൊക്കെ സമാധാനമായി ഉറങ്ങിക്കോട്ടെ' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

'തൃശുരുകാരുടെ മനസിനെയും തീരുമാനങ്ങളെയും വഴി തെറ്റിച്ച് വിടാന്‍ നോക്കിയ ഇടത്ത് നിന്ന് ദൈവങ്ങള്‍ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്‍റെ രാഷ്ട്രീയകക്ഷിയിലേക്ക് തിരിച്ചുവിട്ടു. ഇത് ജനങ്ങള്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്.  എനിക്കും എന്‍‍റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നല്‍കുന്നത്. തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുകയാണ്. അവര്‍ കാരണമാണ് ഇത് സംഭവിച്ചത്.അവരെ ഈ പക്ഷത്തേക്ക് കൊണ്ടുവരാന്‍ വേണ്ടി പണിയെടുത്ത പ്രവര്‍ത്തകര്‍. മുംബൈയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്രയോ വ്യക്തികള്‍ എനിക്ക് വേണ്ടി വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരായിരം പേരെങ്കിലും ഉണ്ടാകും. ഈ 42 ദിവസത്തിനിടക്ക് എന്നെ എടുത്ത് കാണിച്ചത് അവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെടുന്നോ അതൊക്കെ അവര്‍ ചെയ്തു തന്നു. ജനങ്ങളിലേക്ക് അടുക്കാനുള്ള ഒരു മെഷിനറി ആയി അവര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ സംസ്ഥാന ഘടകത്തിനും അമിത് ഷായ്ക്കും എന്‍റെ രാഷ്ട്രീയ ദൈവമായ നരേന്ദ്ര മോദിക്കും കടപ്പെട്ടിരിക്കുന്നു'- സുരേഷ് ഗോപി. 

'കേരളത്തിന് വേണ്ടി മൊത്തം നന്മ പ്രവര്‍ത്തനം ചെയ്യുന്ന വികസന പ്രവര്‍ത്തനം നടത്തുന്ന ഒരു എം.പി ആയിട്ടായിരിക്കും തൃശൂരിലെ പ്രജാദൈവങ്ങളെന്നെ അവരോധിക്കുന്നത്. ഒരുപാട് സന്തോഷം. എന്‍റെ മുന്നില്‍ ഇടതും വലുതുമില്ല എന്‍റെ സഹസ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ അത്രമാത്രം. ഇടതിലെയും വലതിലെയും രാഷ്ട്രീയത്തിലെ അതൃപ്തി എനിക്ക് വോട്ടായി ലഭിച്ചു. അതെന്‍റെ പാര്‍ട്ടിക്ക് കിട്ടിയതല്ല. അത് പാര്‍ട്ടിക്കും അറിയാം' എന്നും അദ്ദേഹം കൂട്ടിച്ചർത്തു. 

ENGLISH SUMMARY:

Suresh Gopi on his success in Thrissur