രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയിൽ തർക്കം. കെ. പ്രകാശ് ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പഴയ കാനം പക്ഷം പി.പി. സുനീറിനായി ഉറച്ചുനില്‍ക്കുകയായിരുന്നു. 

കാനം രാജേന്ദ്രൻ അന്തരിച്ചെങ്കിലും സി.പി.ഐയിൽ ഇപ്പോഴും കാനം പക്ഷം ശക്തമെന്ന് തെളിയിക്കുന്നതായിരുന്നു രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥി നിർണയം. 

സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സുനീറിൻ്റെ പേര് നിർദ്ദേശിച്ചതിന് പിന്നാലെ എതിർപ്പുയർന്നു. മുല്ലക്കര രത്നാകരൻ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ്ബാബുവിൻ്റെ പേര് നിർദേശിച്ചു. ഇ.ചന്ദ്രശേഖരൻ പിന്തുണച്ചു. മന്ത്രി ജി.ആർ.അനിലും എൻ.രാജനും പ്രകാശ് ബാബുവിനായി വാദിച്ചതോടെ എക്സിക്യുട്ടീവിൽ ഉദ്വേഗം നിറഞ്ഞു. 

ദേശീയ എക്സിക്യുട്ടീവ് അംഗമായ പ്രകാശ് ബാബുവിന് ഇത്തവണ അവസരം നിഷേധിക്കരുതെന്നും വാദമുയർന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവായ സുനീറിനെ ഇത്തവണ രാജ്യസഭയിലേക്ക് അയക്കുകയാണ് വേണ്ടതെന്ന് ബിനോയ് വിശ്വം നിലപാടെടുത്തു. കാനം സെക്രട്ടറിയായിരുന്നപ്പോൾ തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നെന്നും വാദമുയർന്നു. 

തൻ്റെ പേരിൽ ഈ ചർച്ചകൾ നടക്കുമ്പോൾ നിശബ്ദനായിരിക്കുകയായിരുന്നു പ്രകാശ് ബാബു. എക്സിക്യൂട്ടീവിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെ സുനീർ രാജ്യസഭാ സ്ഥാനാർഥിത്വം ഉറപ്പിച്ചു. നേരത്തെ, സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന സമയത്തും കാനത്തിൻ്റെ പിന്തുണ ബിനോയ് വിശ്വത്തിനായിരുന്നു എന്ന വാദം സി.പി.ഐയിൽ ഉയർന്നിരുന്നു.

ENGLISH SUMMARY:

CPI in Debate Over Rajya Sabha Seat; Some Advocate for K. Prakash Babu