ടിപി കേസ് പ്രതികളെ വിട്ടയയ്ക്കില്ലെന്ന് ജയില്‍ മേധാവി ബൽറാം കുമാർ ഉപാധ്യായ മനോരമ ന്യൂസിനോട്. സ്വതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍ മോചനത്തിന് പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കിയപ്പോള്‍ പത്ത് വര്‍ഷത്തിലേറെയായി ജയിലിലുള്ളവര്‍ എന്ന രീതിയില്‍ ടി.പി പ്രതികളും പട്ടികയില്‍ വന്നതാണെന്നാണ് വിശദീകരണം. പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ് ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ല. ജയില്‍ ആസ്ഥാനത്ത് നിന്നും പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് പോകില്ലെന്ന് ജയില്‍ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായതോടെയാണ് വിഷയം വിവാദമായത്. ഹൈക്കോടതി വിധി മറികടന്നാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാൻ നീക്കം നടന്നത്. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ശിക്ഷായിളവു നൽകാനുള്ളവരുടെ പട്ടികയില്‍ ഇടം പിടിച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം, ജൂണ്‍ 3ന് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നാണ് നീക്കത്തിന് തുടക്കം. ശിക്ഷാ ഇളവിന് പരിഗണിക്കേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റില്‍ നിന്നാണ്.
2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ 59 പ്രതികളെയാണ് ജയില്‍ സൂപ്രണ്ടിന്റെ പട്ടികയില്‍ ഉള്ളത്. 20 വർഷം വരെ പ്രതികൾക്കു ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ശിക്ഷ വർധിപ്പിക്കുകയാണുണ്ടായത്. ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചിരുന്നു.