kanthapuram

സമസ്ത ഐക്യ ചര്‍ച്ചകള്‍ സജീവമാക്കി കാന്തപുരം. ഇരു സമസ്തകളും ഒന്നുചേരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഒരു ഘട്ടത്തില്‍ സ്തംഭിച്ചുപോയ ഐക്യചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും സമസ്ത സ്ഥാപക ദിനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിശ്വാസികളുടെ പിന്തുണയാണ് പ്രസ്ഥാനത്തിന്‍റെ ശക്തിയെന്നായിരുന്നു  ഇ കെ വിഭാഗം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിഞ്ഞതാണ് െഎക്യ ചര്‍ച്ചകള്‍ വീണ്ടും സജീവമാകാന്‍ കാരണം. 

 

ഒരു ഘട്ടത്തില്‍ രണ്ടായി പിളര്‍ന്ന ഇരുസമസ്തകളും ഒരുമിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. യോജിപ്പിനെക്കുറിച്ച് പലകുറി ചര്‍ച്ചകള്‍ നടന്നു. പക്ഷെ മുന്നോട്ട് പോയില്ല. 

മുമ്പ് ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയമായി ഇരുചേരിയിലായിരുന്ന ഇരുകൂട്ടരും ഇപ്പോള്‍ അങ്ങനെയല്ല. പരമ്പരാഗതമായി സമസ്ത ലീഗിനൊപ്പവും കാന്തപുരം വിഭാഗം എല്‍ഡിഎഫിനൊപ്പവുമായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ സമവാക്യങ്ങള്‍ക്ക് പല മാറ്റങ്ങളുമുണ്ടായി. പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടിലേയ്ക്ക് ഇരുകൂട്ടരും എത്തുകയാണ്. ഈ സാഹചര്യത്തില്‍ കാന്തപുരത്തിന്‍റെ ഐക്യാഹ്വാനത്തിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്. ഐക്യം യാഥാര്‍ഥ്യമായാല്‍ മലബാറിലെ രാഷ്ട്രീയചിത്രം മറ്റൊന്നായി മാറും. സ്ഥാപകദിനത്തോട് ്അനുബന്ധിച്ച് കാന്തപുരം വിഭാഗം പണ്ഡിതസമ്മേളനവും ഇകെ വിഭാഗം നേതൃസംഗമവും നടത്തും.

ENGLISH SUMMARY:

Kanthapuram Revitalizes Samastha Unity Discussions