ടി.പി. കേസിലെ പ്രതികളുടെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് മുഖ്യമന്ത്രി നല്‍കേണ്ട മറുപടിയല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മറിച്ചുള്ള പ്രചാരണം വസ്തുതാപരമല്ല. ഉള്ളടക്കം ശരിയല്ല എന്ന് ബോധ്യമായതിനാലാണ് കെ.കെ.രമയുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയത്. പ്രതികളുടെ ശിക്ഷായിളവിന് നീക്കമില്ലെന്ന് രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും സ്പീക്കര്‍ വിശദീകരിക്കുന്നു. സഭയില്‍ മുഖ്യമന്ത്രിക്കു പകരം സ്പീക്കര്‍ മറുപടി നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷനേതാവ് കത്തുനല്‍കിയിരുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രത്രികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കമില്ലെന്നായിരുന്നു സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പറയേണ്ടത് എങ്ങനെ സ്പീക്കര്‍ പറയുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചത്. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികളുടെ ശിക്ഷായിളവില്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കുകയും ചെയ്തു. അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാത്തതിലെ പ്രതിഷേധവും കത്തിലുണ്ടായിരുന്നു.
കോടതി വിധിക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജയിൽ അധികൃതരുടെ ഭാഗത്തെ വീഴ്ചയെന്ന് സർക്കാരും മുകളിൽ നിന്നുള്ള നിർദേശപകാരമാണ് ശിക്ഷ ഇളവ് ശുപാർശയെന്ന് ജയിൽ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. സർക്കാർ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല.