cpm-akash

കണ്ണൂരില്‍ പുറത്താക്കപ്പെട്ട സിപിഎം നേതാവ് മനു തോമസിന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഭീഷണി. എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് മനുവിനെ ബോധ്യപ്പെടുത്താന്‍ അധികം സമയം വേണ്ടെന്ന് ഫെയ്സ്ബുക്കിലാണ് ആകാശിന്റെ ഭീഷണി.   കൊലവിളി ആര്‍ക്കുവേണ്ടിയാണെന്ന് അറിയാമെന്ന് മനു തോമസ് തിരിച്ചടിച്ചു.  

മനു തോമസിനെ പുറത്താക്കിയതിന് പിന്നാലെ കണ്ണൂരിലെ സിപിഎം പുകയുകയാണ്. ഇന്നലെ പി. ജയരാജന്‍ മനു തോമസിനെതിരെ എഴുതിയത് മുതലാണ് ഇത് ഫേസ്ബുക്ക് പോരായി മാറിയത്. പി. ജയരാജന് മനു മറുപടി എഴുതിയിട്ടും അത് തീര്‍ന്നില്ല. ഇന്ന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കമന്‍റിലെ വാചകങ്ങള്‍ ഇങ്ങനെ. "എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് മനുവിനെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിലെ സംഘടനയ്ക്ക് വലിയ സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്. കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല". 

 

ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ കെ.ജി ദിലീപ് രണ്ട് വര്‍ഷം മുമ്പ് മനുവിനെ പിന്തുണച്ചെഴുതിയ പോസ്റ്റിന് താഴെയായിരുന്നു ആകാശിന്‍റെ കമന്‍റ്. പിന്നീട് കെ.ജി ദിലീപ് പോസ്റ്റ് നീക്കി. വാര്‍ത്തയായതോടെ മനു വീണ്ടും രംഗത്ത്. മരിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ത്തി മരിക്കുമെന്നും താന്‍ പി. ജയരാജനെ സംവാദത്തിന് വിളിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘമാണ് വന്നതെന്നും മനു. എടയന്നൂരിലും ഒഞ്ചിയത്തും നടന്നത് വിപ്ലവമല്ല, വൈകൃതമെന്നും ടി.പി, ഷുഹൈബ് വധക്കേസുകള്‍ ഓര്‍മിപ്പിച്ച് മനു കുറ്റപ്പെടുത്തി. 

അതിനിടെ പാര്‍ട്ടിയെയും നേതാക്കളെയും ഇല്ലാക്കഥ പറഞ്ഞ് പരസ്യമായി അപമാനിക്കാന്‍ നില്‍ക്കരുതെന്ന് പറഞ്ഞ് റെഡ് ആര്‍മി പേജും മനുവിനെതിരെ രംഗത്തുവന്നു. മനു പുറത്തുപോയതോടെ നടത്തുന്ന തുറന്നുപറച്ചിലുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ENGLISH SUMMARY:

Kannur CPM; Controversial Facebook Posts By Akash Thillankeri