സിപിഎം പുറത്താക്കിയ കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസിനെ സിപിഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയും സിപിഎമ്മും നല്‍കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ സംരക്ഷണം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ഡി.സി.സി ക്ഷണിച്ചിരുന്നു. ശരിയായ നിലപാടിന്‍റെ പക്ഷത്താണ് മനു തോമസ്. താല്‍പര്യമുണ്ടെങ്കില്‍ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
പി ജയരാജനും കണ്ണൂരിലെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനുമെതിരെ തുറന്നുപറച്ചിലുകള്‍ നടത്തിയ മനു തോമസിനെ പാര്‍ട്ടിയിലെത്തിക്കാനായാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനുമാകും. എന്നാല്‍ പുറത്താക്കലിന് പിന്നാലെ രാഷ്ട്രീയ മാറ്റത്തിനില്ലെന്നായിരുന്നു മനു നിലപാട് വ്യക്തമാക്കിയിരുന്നത്. ഇടത് അനുഭാവിയായി തുടരുമെന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്‍റെ ക്ഷണം ഗൗരവമായി കാണുന്നില്ല, സ്വാഭാവിക നടപടി മാത്രമാണെന്നും മനു തോമസ് പറഞ്ഞു.