Connection-with-gold-smugglinggang-CPM-Expels-Branch-Member

TOPICS COVERED

മനു തോമസ് ഉന്നയിച്ച സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് പാര്‍ട്ടി ബന്ധമെന്ന ആരോപണങ്ങള്‍ക്കിടെ പാര്‍ട്ടി അംഗത്തെ ഇതേസംഭവത്തില്‍ പുറത്താക്കിയ വിവരം പുറത്ത്. കണ്ണൂര്‍ പെരിങ്ങോം എരമം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗവുമായ സജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. നടപടി രണ്ട് മാസം മുമ്പുള്ളതാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന് തന്നെ സ്വര്‍ണം പൊട്ടിക്കലിലുള്ള പങ്ക് മനു തോമസിന്‍റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ്.

 

ക്വട്ടേഷന്‍ നേതാവായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സംഘത്തിലായിരുന്നു പാര്‍ട്ടി നടപടി നേരിട്ട സജേഷും ഉണ്ടായിരുന്നത്. കണ്ണൂര്‍ കാനായിലെ ഒരു വീട്ടില്‍ സ്വര്‍ണം പൊട്ടിക്കാന്‍ ചെന്ന സംഘത്തില്‍ സജേഷുണ്ടായിരുന്നു. അന്ന് വീട് വളഞ്ഞ സംഘത്തെ നാട്ടുകാര്‍ തടയുകയും അവിടുത്തെ സിപിഎം പ്രവര്‍ത്തകര്‍ ഇത് പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ എരമം ബ്രാഞ്ച് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയെ അറിയിച്ച ശേഷം ഇയാളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സത്യപാലനുമായി അടുത്ത ബന്ധമുള്ളയാളാണ് സജേഷ്. എന്നാല്‍, പാര്‍ട്ടിയ്ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജില്ലാ നേതൃത്വം. അവരെ സംരക്ഷിക്കുകയോ അവരുമായി ബന്ധം സൂക്ഷിക്കുകയോ ചെയ്യാത്തതിന് തെളിവാണ് സജേഷിനെതിരായ നടപടിയെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. 

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന മനു തോമസിന്‍റെ ആരോപണം നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ പാര്‍ട്ടി നടപടിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. മനുവിന്‍റെ ആരോപണങ്ങള്‍ക്ക് കൃത്യമായി ഇപ്പോഴും നേതാക്കള്‍ മറുപടി പറഞ്ഞിട്ടില്ല. ജില്ലയിലെ നേതാവല്ലാതിരുന്നിട്ടും മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇന്ന് പ്രതികരിച്ചത്.

ENGLISH SUMMARY:

Connection with gold smuggling gang; Action Amidst Controversy, CPM Expels Branch Member