cpm-tvm-vote

തിരുവനന്തപുരത്ത് നഷ്ടമായ വോട്ടുകള്‍ തിരികെ പിടിക്കുന്നത് എങ്ങനെയെന്ന് ധാരണയില്ലാതെ സിപിഎം. ബിജെപിയുടെ വളര്‍ച്ച ഭീഷണിയാണെന്ന വിലയിരുത്തല്‍ ഉണ്ടായെങ്കിലും പ്രതിവിധി എന്തെന്നതില്‍ പാര്‍ട്ടിക്ക് വ്യക്തതയില്ല.  തലസ്ഥാനത്തെ കോര്‍പറേഷന്‍ ഭരണം കൈയില്‍ നിന്ന് പോകുമോ എന്നതാണ് സിപിഎമ്മിന്‍റെ  ഭയം.

സംസ്ഥാനത്ത് ബിജെപിയുടെ  വോട്ട് ശതമാനം ഉയരുമ്പോള്‍ സിപിഎം ഏറ്റവുമധികം ഭയക്കുന്ന ജില്ലായായി തിരുവനന്തപുരം മാറുകയാണ്.   ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരത്തും ആറ്റിങ്ങലിലും ബിജെപിക്കുണ്ടായ മുന്നേറ്റവും ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുമാണ് തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ചര്‍ച്ചയായത്. കോര്‍പറേഷന്‍ നേതൃത്വത്തിന്‍റെ ജനങ്ങളോടുള്ള പെരുമാറ്റവും സംസ്ഥാന സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും വോട്ടുകള്‍ കുറച്ചെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ അതിനപ്പുറം ബിജെപി കണക്കുകൂട്ടി വോട്ടുവിഹിതം വര്‍ധിപ്പിക്കുനനതായാണ് സിപിഎം മനസിലാക്കുന്നത്.  

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പാറശാല നിയമസഭാ മണ്ഡമലമൊഴികെ  ബിജെപിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു സിപിഐ .  ആറ്റിങ്ങലില്‍ സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും  ബിജെപി 2019 ലെ  24 ശതമാനം വോട്ടില്‍ നിന്നും അത് 31.64 ശതമാനായി ഉയര്‍ത്തി.  സിപിഎമ്മിന്‍റെ വോട്ടുശതമാനമാകട്ടെ 34.11 ല്‍ നിന്നും 33.22 ശതമാനമായി കുറഞ്ഞു. ഇത് അതീവ ഗൗരവകരമാണെന്നും ഇതേ രീതിയില്‍ ഇനിയും  ബിജെപി വോട്ടുശതമാനം ഉയര്‍ത്തിയേക്കാമെന്നുമാണ് സിപിഎം ജില്ലാഘടകത്തിന്‍റെ വിലയിരുത്തല്‍. 

ബിജെപിയിലേക്ക് പോയ ഈഴവ വോട്ടുകള്‍ തിരിച്ചുപിടിക്കുക  എത്രത്തോളം സാധ്യമെന്ന സംശയം സിപിഎമ്മിനുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചാല്‍ തുടര്‍ന്ന് നിയമസഭയിലും ബിജെപി വെല്ലുവിളിയാകും. അതിനാല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തി ലോക്സഭ തിരഞ്ഞെടുപ്പിനെ ക്ഷീണം മാറ്റാനുള്ള വഴികളാണ് തിരുവനന്തപുരത്ത് സിപിഎം ചിന്തിക്കുന്നത്.

ENGLISH SUMMARY:

The CPM has no understanding of how to regain the lost votes in Thiruvananthapuram