cpm-alappuzha-dc

TOPICS COVERED

സിപിഎം വിട്ട പ്രവര്‍ത്തകരുടെ പ്രത്യേക ഘടകം രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തനം നടത്തിയത് തിരിച്ചറിയാന്‍ കഴിയാത്തത് വീഴ്ചയെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയതും വോട്ടു കുറഞ്ഞതുമായ മണ്ഡലങ്ങളിൽ ഏരിയ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേരും. എ.എം. ആരിഫിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിലും സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു. കായംകുളത്തു നിന്നുള്ള ജില്ലാ കമ്മിറ്റി അംഗമാണ് വിമർശനം ഉന്നയിച്ചത്. 

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ബിജെപി  പ്രവര്‍ത്തനം നടത്തിയ വിവരം തിരഞ്ഞെടുപ്പിനുശേഷമാണ് സിപിഎം  തിരിച്ചറിഞ്ഞത്. സിപിഎം അനുഭാവികളുടെയും  പ്രവര്‍ത്തകരുടെയും വോട്ട് കിട്ടാനുള്ള ശ്രമങ്ങളാണ് ഇവരിലൂടെ ബിജെപി നടത്തിയത്. തിരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിലും ബിജെപി നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ  മനസിലാക്കാൻ കഴിയാതെ പോയത് ഗുരുതര വീഴ്ചയായി ജില്ലാ കമ്മിറ്റി വിലയിരുത്തി. താഴേത്തട്ടില്‍ നിന്നും ഇത് സംബന്ധിച്ച സൂചനകള്‍ നേതൃത്വത്തിന് ലഭ്യമായില്ല. എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു. 

ബിജെപിയുമായി 110 വോട്ടിൻ്റെ വ്യത്യാസം മാത്രമുള്ള അമ്പലപ്പുഴയിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് ഏരിയ കമ്മിറ്റി ചേരും. ആലപ്പുഴയില്‍ എഎം ആരിഫിനെ വീണ്ടും  സ്ഥാനാര്‍ഥിയാക്കാനുള്ള  സംസ്ഥാന കമ്മിറ്റിയുട  തീരുമാനം തെറ്റിപ്പോയെന്ന വിമര്‍ശനം കായംകുളത്തുനിന്നുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ഉന്നയിച്ചത്. രണ്ടു വിവാദവിഷയങ്ങളിൽ എ.എം. ആരിഫിൻ്റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 

 

ഗണപതി മിത്തായിരുന്നുവെന്ന എ എൻ ഷംസീറിൻ്റെ പരാമർശത്തിൽ ആരിഫ് പ്രതികരിച്ചില്ല. എന്നാൽ സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ മുസ്ലീം സ്ത്രീകളുടെ തട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ പരസ്യമായി പ്രതികരിച്ചു. ഇത് തെറ്റായ ധാരണ പരത്താൻ കാരണമായി . ബിജെപി ആരിഫിനെതിരെ ഇത് ഉപയോഗിച്ചുവെന്നും ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു.  സംസ്ഥാന സെക്രട്ടേറിയേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സജി ചെറിയാനും പുത്തലത്ത് ദിനേശനും ഇക്കാര്യത്തിൽ  പ്രതികരിച്ചില്ല.

ENGLISH SUMMARY:

BJP formed a special unit with those who left the CPM; Votes were lost this way in Alappuzha; Criticism