cpm-flag

TOPICS COVERED

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് വിശ്വാസം തിരിച്ചു  പിടിക്കാനുള്ള സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കുന്നത് കടുത്ത വെല്ലുവിളികള്‍. കര്‍ശനമായ മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തിയുള്ള തെറ്റുതിരുത്തലിന് സംസ്ഥാന സമിതിക്കിനി  രൂപം നല്‍കേരുണ്ടി വരും . ഇതിനിടെ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വരെയുള്ള നേതൃത്വത്തോട് കേന്ദ്രനേതൃത്വം നേരിട്ട് സംവദിക്കുന്ന മേഖലാ യോഗങ്ങള്‍ക്ക് നാളെ കണ്ണൂരില്‍ തുടക്കമാവും. 

മോദിവിരുദ്ധ വികാരം കൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ടുചെയ്തുവെന്ന കേരളത്തിലെ  സിപിഎമ്മിന്റെ വാദങ്ങളോട്  കേന്ദ്രകമ്മിറ്റി പൂര്‍ണമായും യോജിക്കുന്നില്ല. മതസംഘടനകള്‍ അകന്നതും ക്ഷേമപെന്‍ഷനും സ്‌പ്ലൈക്കോയില്‍ സാധനങ്ങള്‍ മുടങ്ങിയതും മാത്രമല്ല കേരളത്തിലെ പരാജയകാരണം എന്നാണ് കേന്ദ്രകമ്മിറ്റി വിലിയിരുത്തിയത്. അടിസ്ഥാന വിഭാഗങ്ങളും തൊഴിലാളികളും പാര്‍ട്ടിയില്‍ നിന്ന് അകന്നതാണ് തോല്‍വിയുടെ മുഖ്യകാരണമായി കരുതുന്നത്.  ഇതിന് ഭരണവിരുദ്ധവികാരവും കാരണമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളിലേക്കിറങ്ങിചെന്ന് അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് കേരളത്തിലെ പാര്‍ട്ടിയോട് കേന്ദ്രമ്മിറ്റി നിര്‍ദേശം. 

തൊലിപ്പുറത്തെ ചികില്‍സ കൊണ്ട് കാര്യങ്ങള്‍ ഇനി അനുകൂലമാവില്ലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി കേരളത്തിലെ നേതാക്കളെ ഓര്‍മിപ്പിക്കുന്നത്. ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള സമഗ്രമായ തെറ്റുതിരുത്തല്‍ തയാറാക്കാനാണ് ജനറല്‍ സെക്രട്ടറി കൂടി പങ്കെടുത്ത സംസ്ഥാന സമിതി നേരത്തെ തീരുമാനിച്ചത്.  ജനങ്ങളുടെ വിരോധം അകറ്റണം എന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കിയത് പാളിച്ചകള്‍ എവിടെയന്ന് കൃത്യമായി മനസിലാക്കിയാണ്. ഇതിന് അനുസരിച്ചുള്ള തെറ്റുതിരുത്തലിനാവും ഇനി മാര്‍ഗരേഖ സംസ്ഥാന കമ്മിറ്റി തയാറാക്കേണ്ടത്.  

 

ലോക്കല്‍ സെക്രട്ടറിമാര്‍ വരെയുള്ള പാര്‍ട്ടി നേതൃത്വത്തോട് സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് സംവദിക്കുന്ന മേഖല യോഗങ്ങള്‍ നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ആദ്യ മേഖല യോഗം കണ്ണൂരില്‍ നാളെ നടക്കും. മറ്റന്നാള്‍ കോഴിക്കോട്, എറണാകുളം മേഖലായോഗങ്ങളും , നാലാം തീയതി കൊല്ലം മേഖലാ യോഗവും നടക്കും. ഇതിന് ശേഷമാവും തെറ്റുതിരുത്തല്‍ മാര്‍ഗ രേഖ അന്തിമമാക്കുക. ഇതിനിടയില്‍ ഉയര്‍ന്നുവന്ന കണ്ണൂരിലെ സ്വര്‍ണപൊട്ടിക്കല്‍ വിവാദത്തിലെ നാണക്കേട് മറിടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും തെറ്റുതിരുത്തല്‍ രേഖയില്‍ ഇടംപിടിച്ചേക്കും.

ENGLISH SUMMARY:

Central Committee Takes a Tough Stance; CPM To Make Corrections.