Image∙ Shutterstock - 1

ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ കേറാൻ സ്വാതന്ത്ര്യമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ച നേതാവിനെ കുരുക്കാൻ സിപിഎം. മുതലാളിയുടെ പേര് വ്യക്തമാക്കാത്തതിനെത്തുടർന്ന്, കരമന ഹരിയുടെ വിമർശനത്തിന്റെ ലക്ഷ്യം പരിശോധിക്കാൻ സിപിഎം തീരുമാനിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്റെ തലസ്ഥാനത്തെ ബിസിനസ് ബന്ധങ്ങൾ കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. 

 

തെരഞ്ഞെടുപ്പ് തോൽവി കാരണം താഴെത്തട്ടിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതാണെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോൾ,  അതുമാത്രമല്ല തോൽവിക്ക് കാരണമെന്ന് തിരിച്ചടിക്കുകയാണ് ജില്ലാ കമ്മിറ്റിയിൽ സഖാക്കന്മാർ. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സ്പീക്കർ എ എൻ ഷംസീറിനെതിരെയും തിരുവനന്തപുരത്ത് മുതലാളി ബന്ധം ഉയർന്നുവന്നത്. ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ പോകാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് കരമന ഹരിയാണ് ജില്ലാ കമ്മിറ്റിയിൽ തുറന്നടിച്ചത്. മറ്റൊരു മുതലാളി മുഖ്യമന്ത്രിയുടെ സ്വീകരണമുറി വരെ പോകുന്നുവെന്നും  വിമർശിച്ചു. 

ഇത്തരത്തിൽ അവ്യക്തമായ ആക്ഷേപം ഉന്നയിക്കാൻ പറ്റില്ലെന്നും ആ മുതലാളി ആരാണെന്ന് വ്യക്തമാക്കണമെന്നും പാർട്ടി സെന്ററിന് വേണ്ടി കമ്മിറ്റിയിൽ പങ്കെടുത്ത എം. സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ കരമന ഹരി മുതലാളിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് വിമർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യം പരിശോധിക്കൻ പാർട്ടി തീരുമാനിച്ചത്. കരമന ഹരിയോട് വാക്കാൽ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടു.  

ഇത് ആദ്യമായാണ് എ എൻ ഷംസീറിനെതിരെ കടുത്ത ആക്ഷേപം ഒരു ജില്ലാ കമ്മിറ്റിയിൽ ഉണ്ടാകുന്നത്. ജയിഷായുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഫാർമ  ഉടമയുമായി ഷംസീർ അടുത്ത സൗഹൃദം പുലർത്തുന്നു. ഇത് ബിസിനസ് ബന്ധമാണെന്നും ആക്ഷേപം ഉയർന്നു. കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരുന്നതെല്ലാം ഷംസീറിന്റെ ബിസിനസ് ബന്ധമെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ മുതലാളി ബന്ധം കടുത്ത ഭാഷയിൽ ആരോപിക്കപ്പെട്ട ഞെട്ടലിലാണ് സിപിഎം നേതൃത്വം. 

മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിച്ചു എന്നും, കോടിയേരിയെ പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറയാഞ്ഞത് എന്തുകൊണ്ട് എന്നും കമ്മിറ്റിയിൽ ചോദ്യം ഉയർന്നു.  ഇനിയും സമാനമായ ആക്ഷേപം ഉയർത്തും എന്നുള്ള ആശങ്കയിൽ കൂടിയാണ് കരമന ഹരിയുടെ നടപടി പരിശോധിക്കാൻ പാർട്ടി തീരുമാനമെടുത്തത്.

ENGLISH SUMMARY:

Karamana Hari criticizes Chief Minister Pinarayi