യാത്രയയപ്പ് ചടങ്ങിലേറ്റ അപമാനം സഹിക്കവയ്യാതെ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഇന്ന് ഒരു മാസം. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയുടെ അറസ്റ്റും റിമാന്‍ഡുമുള്‍പ്പെടെ നടന്നെങ്കിലും ഒരുപാട് ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.
ഒക്ടോബര്‍ പതിനാലിന് വൈകിട്ട് നടന്ന ചടങ്ങിലെ പ്രസംഗമാണ് നവീന്‍ ബാബുവിനെ ദുഃഖിതനാക്കിയത്. ഉപഹാരം പോലുമെടുക്കാതെ ഓഫീസില്‍ നിന്ന് ഇറങ്ങും മുന്‍പ് കലക്ടറേറ്റില്‍ എന്തൊക്കെയാണ് സംഭവിച്ചത്? നവീന്‍ തെറ്റുപറ്റിയെന്ന് പറഞ്ഞെന്നാണ് കലക്ടറുടെ മൊഴി. അതിനപ്പുറം ഒന്നും കലക്ടര്‍ പറഞ്ഞില്ല. ആദ്യം ഇതെക്കുറിച്ച് മിണ്ടാതിരുന്ന കലക്ടര്‍ പിന്നീട് ഇത് പറഞ്ഞത് എന്തിന്? കലക്ടറുടെ വിശദമായ മൊഴിയെടുക്കാത്തതെന്ത്?
ഓഫീസില്‍ നിന്ന് മടങ്ങിപ്പോയത് പേഴ്സണല്‍ ഡ്രൈവര്‍ക്കൊപ്പമാണ്. മുനീശ്വരന്‍ കോവിലിനടുത്ത് നവീന്‍ ഇറങ്ങി. ഇവിടെ നിന്ന് എങ്ങോട്ടുപോയി? ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങിയത് എപ്പോഴാണ്? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരംകിട്ടണം. കേസില്‍ ആത്മഹത്യാക്കുറിപ്പുണ്ടോ എന്ന സംശയം ആദ്യം മുതലുണ്ട്. പ്രതിയെ സഹായിക്കാന്‍ പൊലീസ് അത് നശിപ്പിച്ചെന്നും ആരോപണമുയര്‍ന്നു. പൊലീസാണ് ആദ്യം ക്വാര്‍ട്ടേഴ്സ് പരിശോധിച്ചത് എന്നതുതന്നെ കാരണം.
ക്വാര്‍ട്ടേഴ്സിലേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ പ്രശാന്തിന്‍റെ ആരോപണങ്ങളില്‍ പൊരുത്തക്കേടുകള്‍ ഏറെ. പ്രശാന്ത് ആദ്യം പറഞ്ഞത് പകുതി പണം കടം വാങ്ങി നല്‍കിയെന്നാണ്. എന്നാല്‍ കോടതിയില്‍ വാദിച്ചത് ഒരു ലക്ഷം ബാങ്ക് വായ്പയെടുത്തുവെന്ന്. മുഖ്യമന്ത്രിക്ക് കൊടുത്തെന്ന് പറഞ്ഞ പരാതിയും വ്യാജമെന്ന് തെളിഞ്ഞു. വ്യാജപരാതി തയ്യാറാക്കിയത് ആരാണ്? വിവാദങ്ങളുടെ തുടക്കം പെട്രോള്‍ പമ്പിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നാണ്. താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിന് കോടികളുടെ പമ്പ് തുടങ്ങാന്‍ പണം എവിടെനിന്ന് എന്ന ചോദ്യം തന്നെ ബെനാമി ഇടപാടിലേക്ക് വിരല്‍ ചൂണ്ടുന്നു. എങ്കില്‍ പുറകിലാര്? ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അന്വേഷണ ഏജന്‍സികളാണ്.