TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എത്തുന്നു. പഞ്ചായത്ത് തല നേതാക്കന്മാരെ ഉള്‍പ്പെടുത്തി  ഈ മാസം ഒന്‍പതിന് തിരുവനന്തപുരത്ത് ചേരുന്ന വിശാല നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം മുമ്പ് വാര്‍ഡ്തല സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ പ്രദേശങ്ങളില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിപദ്ധതി. നേതൃത്വത്തിന്റെ പ്രതിച്ഛയയെ മാത്രം ആശ്രയിക്കാതെ ഏറ്റവുംതാഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം നേടണമെന്നതാണ് സമീപനം. ഇതിന്റെ ഭാഗമായി സംസ്ഥാത്ത് വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പ് വാര്‍ഡ്തല സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ഓരോമേഖലയിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് ശ്രമം.

ഇതിന്റെ ഭാഗമായി ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെയും പഞ്ചായത്തത് തലങ്ങളിലെയും നേതാക്കന്മാരെയും വിളിച്ചുചേര്‍ത്ത് വിശാലയോഗം ചേരും. ഈ മാസം ഒന്‍പതിന് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന യോഗം ബി.ജെ.പി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. ഓരോ പ്രദേശങ്ങളിലെയും മുഖ്യഎതിരാളിയെ ദുര്‍ബലപ്പെടുത്തുകയാണ് ആദ്യപടി. തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.എഫിനെയാണ് ബി.ജെ.പി നോട്ടമിടുന്നത്.

തിരുവനന്തുപരം ,തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണം നേടണമെന്നും ,കൊല്ലം കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തയാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നൂറുപഞ്ചായത്തുകളിലും കുറഞ്ഞത് ഇരുപത്തഞ്ച് മുനിസിപ്പാലിറ്റികളിലും ഭരണം നേടണം. ജെ.പി നഡ്ഡയുടെ വരവോടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയാകും. ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനര്‍ഥി നിര്‍ണയം, സംസ്ഥാന–ജില്ലാ സമിതികളുടെ പുനഃസംഘടന എന്നിവയും ചര്‍ച്ചയാകും

ENGLISH SUMMARY:

BJP will decide ward level candidates a year in advance; Big plan for local body election