സ്പീക്കറും മന്ത്രിയായ മുൻ സ്പീക്കറും തമ്മിലുള്ള വാക്പോരിന് വേദിയായി നിയമസഭ. പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന ആരോപണവുമായി എം.ബി.രാജേഷ് രംഗത്തെത്തി. ആരോപണം തള്ളിയ സ്പീക്കർ, മന്ത്രിക്ക് കൂടുതൽ സംസാരിക്കാൻ അവസരം നൽകിയില്ല. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയ ഭരണപക്ഷ അംഗത്തെ പേര് പറഞ്ഞ് സ്പീക്കർ ശാസിച്ചതിനും സഭ സാക്ഷിയായി.  

സ്പീക്കറെ പതിവായി വിമർശിക്കുന്നത് പ്രതിപക്ഷമാണെങ്കിൽ ഇന്ന് ഭരണപക്ഷം ആ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്പീക്കർക്ക് പ്രതിപക്ഷത്തിനോടാണ് കൂടുതൽ മമതയെന്ന് എന്ന് പറഞ്ഞ് മുൻഗാമി കൂടിയായ മന്ത്രി എം.ബി.രാജേഷ് വിമർശനം കടുപ്പിച്ചു. രാജേഷിന്റെ വിമർശനം കേട്ടിരിക്കാൻ സ്പീക്കർ തയാറാകാതിരുന്നതോടെ അത് വാക്പോരായി.

തർക്കം മന്ത്രിയും സ്പീക്കറും തമ്മിൽ മാത്രം ഒതുങ്ങിയില്ല. അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച നജീബ് കാന്തപുരത്തിന്‍റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോഴും സ്പീക്കർ കയർത്തു. 

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ബഹളം വച്ച  ഭരണപക്ഷാംഗത്തെ പേര് പറഞ്ഞാണ് സ്പീക്കർ ശാസിച്ചത്.  രാജേഷ് - ഷംസീർ പോരിന് ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്. അന്ന് രാജേഷ് സ്പീക്കറും എ.എൻ.ഷംസീർ എം.എൽ.എയുമായിരുന്നു. മാസ്ക്ക് വയ്ക്കാത്തതിന് അടക്കം ഷംസീറിനെ രാജേഷ് പലതവണ പരസ്യമായി താക്കീത് ചെയ്തിരുന്നു. 

ENGLISH SUMMARY:

Ex speaker MB Rajesh alleges that speaker A N Shamseer gives extra time to opposition and Shamseer denies it.