കൂടോത്ര വിവാദത്തിൽ നേതാക്കളെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. കൂടോത്രത്തിനുപോയാല്‍ ഗുണം മന്ത്രവാദിക്കുമാത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബൂത്തില്‍ പോയാല്‍ ഗുണം പാര്‍ട്ടിക്ക്, കെ.സുധാകരന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയെന്നും രാഹുല്‍. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടിയുണ്ടാകില്ലെന്നും കൂടോത്രം ചെയ്യുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും വിമർശിച്ചു. അതേസമയം, കെ.സുധാകരന്റെ വസതിയിൽ കൂടോത്രവസ്തുക്കൾ കണ്ടെത്തിയതിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ സജീവമാണ്.

സയന്റിഫിക് ടെമ്പർ എന്ന ആശയം രാജ്യത്തിന് സമർപ്പിച്ച നെഹ്റുവിന്റെ പിൻമുറക്കാരാണെന്ന കാര്യം നേതാക്കൾ ഓർക്കണമെന്നാണ് യൂത്ത് കോൺഗ്രസിന് പറയാനുള്ളത്. കൂടോത്ര വിവാദം പാർട്ടിക്ക് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് വിലയിരുത്തുമ്പോൾ ഗൌരവമായി എടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തലയ്ക്ക്. 

എന്നാൽ, കെ.സുധാകരന്റെ വസതിയിൽ മാത്രമല്ല, കെ.പി.സി.സി ഓഫീസിലും മറ്റ് ചില നേതാക്കളുടെ വീടുകളിൽ ഇതുപോലെ കൂടോത്ര വസ്തുക്കൾ കണ്ടെത്തിയെന്നാണ് വിവരം. നാണക്കേട് കാരണമാണ് പലരും പുറത്തുപറയാത്തത്. ഇന്ദിരാഭവനിൽ ഉൾപ്പെടെ കൂടോത്ര വസ്തുക്കൾ വയ്ക്കാൻ കഴിഞ്ഞെങ്കിൽ അതിൽ അന്വേഷണം വേണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. 

ENGLISH SUMMARY:

Youth Congress strongly criticized the leaders in Black Magic controversy