Image Credit; Facebook

Image Credit; Facebook

താന്‍ നടത്തിയ പ്രസംഗത്തിൻ്റെ വാലും തലയും വെട്ടിമാറ്റിയ വീഡിയോ ക്ലിപ്പിങ് ജമാഅത്തെ ഇസ്ലാമിക്കാരും ലീഗിലെ തീവ്രന്മാരും വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് കെടി ജലീല്‍.  വളാഞ്ചേരി പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറില്‍ "നിർമ്മിത ബുദ്ധിയുടെ പുതിയ കാലം" എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമാണ്  ''ദൈവത്തെ പൊട്ടനാക്കി" എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ പ്രസംഗത്തിന്‍റെ യഥാര്‍ത്ഥ വിഡിയോയും ജലീല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

കെടി ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ആ കുതന്ത്രങ്ങൾ കൊണ്ടൊന്നും കുലുങ്ങില്ല!

സ്ഥലം വളാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ. തിയ്യതി ഓർമ്മയില്ല. വളാഞ്ചേരി പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറാണ് വേദി. "നിർമ്മിത ബുദ്ധിയുടെ പുതിയ കാലം" എന്ന താണ് വിഷയം. നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൽകുന്ന പിഴയും ശിക്ഷയും സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാൻ ലക്ഷ്യം വെച്ചുള്ള പ്രോഗ്രാം. എന്നെ ഉൽഘാടകനായാണ് ക്ഷണിച്ചിരുന്നത്. വീട്ടിൽ വന്നവരെ പിരിച്ചയച്ച് എത്തിയപ്പോഴേക്ക് സമയം കുറച്ചു വൈകിയിരുന്നു. അന്നത്തെ പ്രസംഗത്തിൻ്റെ വാലും തലയും വെട്ടിമാറ്റിയ വീഡിയോ ക്ലിപ്പിംഗാണ്  എൻ്റെ എതിരാളികൾ വ്യാപകമായി ''ദൈവത്തെ പൊട്ടനാക്കി" എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. അതിൻ്റെ മുന്നും പിന്നുമുള്ള പ്രസംഗ ക്ലിപ്പിംഗ് ഇതോടൊപ്പം ചേർക്കുന്നുണ്ട്. ഉൽഘാടന പ്രസംഗത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങിനെ:

"ലോകത്ത് മഹാഭൂരിഭാഗവും  ദൈവ വിശ്വാസികളാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളും ദൈവം  കാണുന്നുണ്ടെന്നാണ് ഭക്തർ കരുതുന്നത്. നിയമങ്ങൾ അനുസരിക്കൽ വിശ്വാസികളുടെ ബാദ്ധ്യതയാണ്. ദൗർഭാഗ്യവശാൽ സിംഹഭാഗം മതവിശ്വാസികളും പിഴ പേടിച്ചും ശിക്ഷ ഭയന്നുമാണ് മോട്ടാർ നിയമങ്ങൾ പോലും അനുസരിക്കുന്നത്. യഥാർത്ഥത്തിൽ ദൈവ ഭക്തരുള്ള നാട്ടിൽ നിയമങ്ങൾ അനുസരിക്കാത്തവർ ഉണ്ടാവാൻ പാടില്ല. അവർ കുറ്റങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് ദൈവ ഭയത്താൽ ആകണം. 

നമ്മളൊക്കെ വിചാരിക്കുന്നത് നമ്മൾ വലിയ തന്ത്രശാലികളാണ് എന്നാണ്. നമ്മുടെ അത്രയൊന്നും സൂത്രവും ബുദ്ധിയും ദൈവത്തിനില്ലെന്ന് കരുതുന്നവരും ധാരാളമുണ്ട്. പടച്ചോൻ ഒരു പൊട്ടനാണെന്നാണ് നല്ലൊരു ശതമാനം ആളുകളും വിചാരിക്കുന്നത്. ദൈവത്തെ ഭയമാണെന്ന് നമ്മൾ പറയും. എന്നാൽ ദൈവത്തെ മക്കാറാക്കുകയും പൊട്ടനാക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ചെയ്യുകയും ചെയ്യും. ആ പൊട്ടനായ ദൈവത്തിൻ്റെ കണ്ണുവെട്ടിക്കാൻ പറ്റിയാലും നിർമ്മിത ബുദ്ധിയുടെ ക്യാമറക്കണ്ണുകളെ വെട്ടിക്കാൻ നമുക്കാവില്ല. കാരണവൻമാർ പറയുന്ന ഒരു ചൊല്ലുണ്ട്; പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കണമെന്ന്. ദൈവ ഭയം കുറയുമ്പോഴാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുക. വിശ്വാസം ഒരു ഉപജീവന മാർഗ്ഗമാക്കി മാറ്റാനാണ്  മതം വിറ്റ് ലാഭമുണ്ടാക്കുന്ന നല്ലൊരു ശതമാനത്തിൻ്റെയും താൽപര്യം''.

ജമാഅത്തെ ഇസ്ലാമിക്കാരും ലീഗിലെ തീവ്രന്മാരുമാണ് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത എൻ്റെ പ്രസംഗ ക്ലിപ്പിംഗ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേർത്തു പറയേണ്ട ചില കാര്യങ്ങളുമുണ്ട്. ഇത്തരം ഹീനമായ ശ്രമങ്ങൾ കൊണ്ട് എന്നെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ഞാൻ മതവും രാഷ്ട്രീയവും കച്ചവടം ചെയ്തല്ല ജീവിക്കുന്നത്. വിശ്വാസത്തിൻ്റെ പേരും പറഞ്ഞ് ഒരാളിൽ നിന്നും പിരിവും നടത്തിയിട്ടില്ല. എനിക്ക്  ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയാൻ യാതൊരു മടിയുമില്ല. ഇത്തരം ഉമ്മാക്കി കാട്ടി എന്നെയങ്ങ് മൂക്കിൽ കയറ്റിക്കളയാമെന്ന് ആരും വിചാരിക്കേണ്ട. 

എൻ്റെ പരലോക വിജയത്തിൻ്റെ താക്കോൽ ഒരാളുടെയും അമ്മിയുടെ ചുവട്ടിലല്ല. ആ ഓർമ്മ കള്ളപ്രചാരകർക്ക് ഉണ്ടായാൽ അവർക്കു നല്ലത്.

ENGLISH SUMMARY:

Dr KT Jaleel facebook post about his Lecture on "The New Era of Artificial Intelligence".