sabha-rema-cm
  • 'പീഡനക്കേസിലെ പൊലീസ് നിലപാട് ലജ്ജാവഹം'
  • സഭയില്‍ വാക്​പോര്, ബഹളം
  • സഭാതലത്തില്‍ എത്താതെ ഒഴി‍ഞ്ഞുമാറി മുഖ്യമന്ത്രി

നിയമസഭയില്‍ കെ.കെ.രമ എം.എല്‍.എയ്ക്ക് മറുപടി പറയാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാമന്ദിരത്തിലുണ്ടായിട്ടും മുഖ്യമന്ത്രി സഭാതലത്തില്‍ എത്താതെ ഒഴി‍ഞ്ഞുമാറുകയായിരുന്നു. പീഡനക്കേസിലെ പൊലീസ് നിലപാട് കേരളത്തെ ലജ്ജിപ്പിക്കുന്നുവെന്നും മുന്‍ എസ്.എഫ്.ഐ നേതാവ് പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്നും രമ ചൂണ്ടിക്കാട്ടി. ബ്രിജ്ഭൂഷണിന്‍റെ അക്രമങ്ങളെ വെല്ലുന്നതാണ് കെ.സി.എ പരിശീലകന്‍റെ പീഡനമെന്നും ഫിറ്റ്നസ് തെളിയിക്കാന്‍ നഗ്നചിത്രങ്ങളാണ് പരിശീലകന്‍ ആവശ്യപ്പെട്ടതെന്നും രമ സഭയില്‍ പറഞ്ഞു. 

 

അതേസമയം മന്ത്രി മറുപടി പറഞ്ഞത് സ്ത്രീകള്‍ക്കെതിരായ വിഷയമായതിനാല്‍ ആണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ടി.പി. കേസ് പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ച പ്രമേയത്തിലും സമാന അനുഭവമാണ് ഉണ്ടായത്. 

അതേസമയം, 51 വെട്ട് വെട്ടി കൊന്നിട്ടും ആ മനുഷ്യനെ കൊന്നിട്ടും വാശിതീര്‍ന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. രമയെ പോലെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട ആരെങ്കിലും വേറെയുണ്ടോ? യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കമന്‍റ് മന്ത്രി നിയമസഭയില്‍ വായിച്ചു. അതുപോലെ മറ്റ് പല കമന്‍റുകളും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനുണ്ടെന്നും എന്നാല്‍ അതൊന്നും സഭയില്‍ വായിക്കാന്‍ കഴിയില്ലെന്നും സതീശന്‍ തുറന്നടിച്ചു. അരൂരില്‍ മര്‍ദനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്നും സ്റ്റേഷന്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. ഐസിയു പീഡനത്തില്‍ ഇരയ്ക്കൊപ്പം നിന്നയാളെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. 

അടിയന്തര പ്രമേയത്തിന് മന്ത്രി വീണാ ജോര്‍ജാണ് മറുപടി പറയാന്‍ എത്തിയത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആണെന്നും ഐസിയുവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സസ്പെന്‍ഡ് ചെയ്തുവെന്നും ആരോഗ്യമന്ത്രി  പറഞ്ഞു. കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന് പറഞ്ഞത് തെറ്റാണ്. ഇപ്പോള്‍ കാപ്പ കേസ് പ്രതിയല്ലെന്നും നിലവില്‍ രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് ഉള്ളതെന്നും വീണാജോര്‍ജ് വിശദീകരിച്ചു.

ENGLISH SUMMARY:

Row over adjournment motion in Kerala Assembly.