നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടി മന്ത്രിമാര്‍. വിഡി സതീശന് ധാര്‍ഷ്ഠ്യവും പുച്ഛവുമെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് തനിക്കുനേരെ വിരല്‍ചൂണ്ടി ധിക്കാരിയെന്ന് വിളിച്ചെന്ന് മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു. അപ്പുറത്ത് കുത്തേണ്ട ചാപ്പ ഇങ്ങോട്ട് പ്രയോഗിച്ചുള്ള രക്ഷാപ്രവർത്തനം വേണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി. നിങ്ങൾക്കുമാകാം തിരുത്തലെന്ന് ഭരണ പക്ഷത്തോട് പറഞ്ഞ സ്പീക്കർ, എല്ലാവരും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിനിടെ ഗവർണർ- സർക്കാർ പോരും കോളജുകൾ അടച്ചു പൂട്ടുന്നതും പ്രതിപക്ഷം പരാമർശിച്ചതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്.

രാജേഷ് സ്പീക്കര്‍ കളിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീശന്‍. ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും അവിടെ കുത്തിയ ചാപ്പ ഇവിടെ കുത്തേണ്ട, ആ രക്ഷാപ്രവര്‍ത്തനം ഇവിടെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് എന്താണ് ഇത്ര നെഗറ്റീവ് സമീപനം എന്നും പ്രതിപക്ഷ നേതാവ്. പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കേണ്ട. ഇനിയും വിരല്‍ചൂണ്ടി വിമര്‍ശിക്കേണ്ടിവന്നാല്‍ വിമര്‍ശിക്കും. എക്സൈസ് വകുപ്പിനെ വിമര്‍ശിച്ച ശേഷം രാജേഷ് വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. 

നിങ്ങള്‍ക്കുമാകാം തിരുത്തലെന്ന് സ്പീക്കറും ഭരണപക്ഷത്തോട് അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ സമീപനം എല്ലാവര്‍ക്കും വേണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയതോടെ വിമർശനങ്ങളുമായി മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റു. സമ്മേളനം അവസാനിക്കുന്ന ദിവസം പരസ്പരം ഭരണ പ്രതിപക്ഷങ്ങൾ കൊത്തിക്കീറുന്നതിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.

ENGLISH SUMMARY:

MB Rajesh and VD Satheesan against each other in Niyama Sabha