TOPICS COVERED

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പരിഹാരം തേടി തെറ്റ് തിരുത്തല്‍ രേഖ തയാറാക്കുന്നതിന് സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്കും  ജനക്ഷേമത്തിനും  മുന്‍ഗണനാക്രമം നിശ്ചയിക്കുകയാണ് തിരുത്തല്‍ രേഖകളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിമാറ്റത്തെപ്പറ്റി സിപിഎമ്മിന് തെറ്റുതിരുത്തല്‍ രേഖയില്‍  മൗനമായിരിക്കും.  

പാര്‍ട്ടി എന്തുകൊണ്ട് തോറ്റുവെന്ന് പിബി മുതല്‍ ബ്രാഞ്ച് വരെ സിപിഎം ചര്‍ച്ച ചെയ്തു കഴിഞ്ഞു.  പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ചോര്‍ന്നുവെന്നതാണ്  തിരിച്ചറിഞ്ഞത്.  ഭരണത്തിനെതിരായ വികാരം തോല്‍വിക്ക് കാരണമായി.  അതിന്‍റെ കാരണം ക്ഷേമപെന്‍ഷന്‍ മുടങ്ങിയതാണെന്നാണ്  പാര്‍ട്ടി പ്രധാനമായും തിരിച്ചറിഞ്ഞത് . ഒപ്പം നേതാക്കളുടെ പെരുമാറ്റരീതിയും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.  മുഖ്യമന്തിയുടെ പെരുമാറ്റ രീതിക്കെതിരെ കൊല്ലത്തും മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ കൃത്യമായ മറുപടി പറയാത്തതിനെതിരെ തിരുവനന്തപുരത്തും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍  മുഖ്യമന്ത്രിയുടെ ശൈലിയെപ്പറ്റി തെറ്റുതിരുത്തല്‍ രേഖയില്‍ പരാമര്‍ശമുണ്ടാവില്ല.  പാര്‍ട്ടി പരിപാടി അനുസരിച്ച് സര്‍ക്കാര്‍ മുന്‍പോട്ട് പോകണമെന്നതാണ് സിപിഎം സംസ്ഥാന സമിതിയില്‍ കഴിഞ്ഞ തവണ ഉയര്‍ന്ന ചര്‍ച്ച . സര്‍ക്കാര്‍ തുടര്‍ച്ചായി ഭരിക്കുന്നത് കൊണ്ട് പാര്‍ട്ടിയുടെ താഴെത്തട്ടില്‍ അഴിമതിയുടെ പ്രവണതയുണ്ടെന്നും പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്.  സഖാക്കന്‍മാര്‍ക്ക് പണത്തോട് ആര്‍ത്തി കൂടിവരുന്നുവെന്ന് തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു .  കോഴിക്കോട് പിഎസ് സി കോഴയില്‍ സംഭവിച്ചത് ഒറ്റപ്പെട്ടതല്ലെന്നാണ് സിപിഎം വിലയിരുത്തല്‍ . ഇതിനെല്ലാം പരിഹാരം  രേഖയില്‍ ഇടംപിടിച്ചേക്കും. ഡിവൈഎഫ്ഐയും എസ് എഫ് ഐയും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് അടുത്തിടെയായി ഗുണകരമായ പങ്ക് വഹിക്കുന്നില്ലെന്ന യഥാര്‍ത്ഥ്യം മനസിലാക്കി സംഘടനകളെ ജനകീയമാക്കാന്‍  മാര്‍ഗരേഖയില്‍ നിര്‍ദേശങ്ങള്‍ വന്നേക്കാം 

ENGLISH SUMMARY:

CPM's state committee meetings begin today